വടകര തീരദേശത്തു ശക്തമായ കടല്‍ക്ഷോഭം: നിരവധി വീടുകള്‍ ഭീഷണിയില്‍

വടകര: ബുധനാഴ്ച രാത്രിയോടെ ഉറങ്ങാന്‍ കിടന്ന വടകരയിലെ തീരദേശവാസികള്‍ പക്ഷെ, വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആര്‍ത്തുവന്ന തിരമാലകളുടെ ശബ്ദത്തോടെ ഉണര്‍ന്നു. പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത മണിക്കൂറകളായി മാറി. തിരമാലകള്‍ ഇരച്ചുകയറിയതോടെ കൂടപ്പിറപ്പുകളുടെ ജീവന് വേണ്ടി അവരെ മാറോടണച്ചുവച്ച് വീടിന്റൈ ഉമ്മറപ്പടിയില്‍ ഇരിക്കുന്ന കാഴ്ചകളാണ് കണാന്‍ കഴിഞ്ഞത്.
വടകരയിലെ തീരദേശങ്ങളായ ആവിക്കല്‍, മുഖച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല, കുരിയാടി എന്നിവിടങ്ങളിലാണ് അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായത്. കടല്‍ഭിത്തികളില്ലാത്ത മുഖച്ചേരിഭാഗം, പുറങ്കര, പാണ്ടികശാല വളപ്പ് എന്നിവിടങ്ങളിലായിരുന്നു രൂക്ഷത. ഇവിടങ്ങളിലെ അഞ്ചോളം കുടുംബങ്ങളെ മറ്റു കുടുംബ വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. മറ്റുള്ളവരോട് മാറിത്താമസിക്കാന്‍ പറഞ്ഞെങ്കിലും, വൃദ്ധയടക്കമുള്ളവര്‍ ഉറങ്ങിക്കിടക്കുന്നതിനാലും, കടല്‍ഭിത്തി നിര്‍മ്മിക്കാത്ത രോഷത്താലും ഇവര്‍ മാറാന്‍ കൂട്ടാക്കിയില്ല. 12 മണിക്ക് ആരംഭിച്ച കടല്‍ക്ഷോഭം ഏകദേശം 4 മണിവരെ തുടര്‍ന്നു. വേലിയേറ്റമാണ് കടല്‍ ക്ഷോഭമുണ്ടാകാന്‍ കാരണമെന്നാണ് മത്സ്യതൊഴിലാളികളില്‍പ്പെട്ട ചിലര്‍ പറഞ്ഞത്. എന്നാല്‍ അസാധാരണമായ രീതിയിലായിരുന്നു വെള്ളത്തിന്റെ കയറ്റം.
പാണ്ടികശാല വളപ്പിലെ അഞ്ചോളം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വീടിനോട് ചേര്‍ന്ന നിര്‍മ്മിച്ച ഷെഡുകളും കടല്‍ കയറി തകര്‍ന്നു.
പാണ്ടികശാല വളപ്പിലെ മുട്ടത്ത് സൈനബ, ചെറിയപടയന്‍ സറീന, ആവിക്കല്‍ കുനുമാച്ച, ആവിക്കല്‍ സഫ്‌നാസ്, തരക്കാരത്തി സുബൈദ, കുറുക്കോത്ത് സൈനബ, വീരഞ്ചേരി ആസിയ, നൗഷാദ്, ഹംസ, കണിയാങ്കണ്ടി മമ്മു, ആങ്ങാട്ട് അഷ്‌റഫ്, പാണ്ടികശാല ബീവി, പൊയിലോത്ത് മൈമു, തയ്യത്താങ്കണ്ടി അബൂബക്കര്‍, വീരഞ്ചേരി അബ്ദുറഹിമാന്‍, തരക്കാരത്തി സുനീറ, മുക്രിവളപ്പില്‍ കുഞ്ഞായിശ, നാറാത്ത് സുഫൈദ്, മുഖച്ചേരി ഭാഗത്തെ വണ്ണോത്ത് വാതുക്കല്‍ മമ്മത്, കുഞ്ഞിബി, കാന്തിലോട്ട് കുനുമാച്ച, സഫിയ വീരഞ്ചേരി, കുല്‍സു ബീമാന്‍, പൂമാന്‍പുതിയ പുരയില്‍ നഫീസ, കുഞ്ഞലീമ്മ രയരോത്ത്, ബീവി മുരിക്കോളി, സൈനബ പുതിയ പുരയില്‍, സഫിയ നിട്ടൂര്‍ വളപ്പില്‍, കുഞ്ഞീബി കാന്തിലോട്ട്, ഹൈറുന്നിസ ചേരിക്കണ്ടി, ആവിക്കല്‍ റഹ്്മത്ത് തുടങ്ങിയവരുടെ മുപ്പതോളം വീടുകളും തണല്‍ അഗതി മന്ദിരത്തിനടുത്ത് ബദ്‌രിയ ക്വാട്ടേഴ്‌സുമാണ് ഭീഷണി നേരിടുന്നത്.
സ്ഥലത്തെത്തിയ വടകര പോലീസ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു. ഇന്നലെ രാവിലെയും കടല്‍ക്ഷോഭം അനുഭവപ്പെട്ടതായി തീരദേശവാസികള്‍ പറഞ്ഞു. ഇന്നലെ തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍, വില്ലേജ് ഓഫീസര്‍ ഷീന എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യമെങ്കില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി താമസിക്കാന്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ സജ്ജമാക്കിയതായി തഹസില്‍ദാര്‍ പറഞ്ഞു

RELATED STORIES

Share it
Top