വടകര താലൂക്കില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്; 360ഓളം വീടുകള്‍ തകര്‍ന്നു

വടകര: താലൂക്കിന്റെ പല ഭാഗങ്ങളിലും വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. വടകരയിലും പരിസര പ്രദേശങ്ങളിലും വ്യാഴായ്ച വൈകുന്നേരം 7 മണിയോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ 360 ഓളം വീടുകള്‍, ഭാഗകമായും, 18 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.
വില്യാപ്പള്ളി വില്ലേജില്‍ 150 വീടുകള്‍, കോട്ടപ്പള്ളി-110, പാലയാട്-35, നടക്കുതാഴ-45, വടകര-13, തിരുവള്ളൂര്‍-2 എന്നിങ്ങനെയാണ് വില്ലേജ് അടിസ്ഥാനത്തില്‍ ഇതേവരെ ലഭിച്ച തകര്‍ന്ന വീടുകളടെ കണക്ക്.
വില്യാപ്പള്ളിയിലെ ശ്രീപുരം രാഘവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള വെല്‍ഡിങ് ഷോപ്പും, രാജന്‍ പുന്നേരിയുടെ ചായക്കടയുമാണ് തകര്‍ന്ന സ്ഥാപനങ്ങള്‍. വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണാണ് തകര്‍ന്നത്. ചില വീടുകള്‍ക്കു മുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു. കോട്ടപ്പള്ളി ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ നടപ്പന്തല്‍ കാറ്റില്‍ തകര്‍ന്നു വീണു. ഇതിനു പുറമെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കാറ്റ് നാശം വിതച്ച കോട്ടപ്പള്ളി, വില്യാപ്പള്ളി വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ യുവി ജോസ്, വടകര ആര്‍ഡിഒ അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെകെ രവീന്ദ്രന്‍, വില്ലേജ് ഓഫി സര്‍മാര്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. റവന്യൂ അധികൃതര്‍ എട്ട് സ്‌ക്വാഡുകളായി തരംതിരിച്ചാണ് വിവിധ വില്ലേജുകളിലെ നാശങ്ങളുടെ കണക്ക് വിവരങ്ങള്‍ ശേഖരിച്ചത്. 250 ഓളം വീടുകളില്‍ ഇതിനകം പരിശോധന നടന്നതായി തഹസില്‍ദാര്‍ പറഞ്ഞു. തുടര്‍ന്നും പരിശോധനകള്‍ നടത്തി വിവങ്ങള്‍ ശേഖരിക്കും. ഇനിയും തകര്‍ന്ന വീടുകളുടെ എണ്ണം കൂടുമെന്നാണ് റവന്യൂ അധികൃതര്‍ വ്യക്തമാക്കുന്നത്.
നിരവധി സ്ഥലങ്ങളിലായി നൂറ് കണക്കിന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത് വെള്ളിയാഴ്ചയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. നിരവധി വാഹനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.  പാലയാട് വില്ലേജില്‍ തകര്‍ന്ന വീടുകള്‍-കുന്നോത്ത് ദേവിയമ്മ, ചെറിയ മുളിയേരി ജിത്തു, നരങ്ങോളി മീത്തല്‍ നാരായണി, ശങ്കരന്‍ നരങ്ങോളി, ചമ്പോട് മീത്തല്‍ ബാലാമണി, സുരേഷ് ചമ്പോട് മീത്തല്‍, ചെറിയ മുളിയില്‍ രുഗ്മിണി, വെങ്കണം കണ്ടി മോഹനന്‍, ചാവോളി അശോകന്‍, ഇബ്രാഹിം ചാവോടി, വലിയ പറമ്പത്ത് മാതു, വെങ്കണംകണ്ടു പാത്തുമ്മ, കിഴക്കെ വെങ്കണംകണ്ടി ചാത്തു, പുനത്തില്‍ ബിയ്യാത്തൂട്ടി, പുനത്തില്‍ രാജന്‍, വലിയ പറമ്പത്ത് രാജന്‍, ആതിരയില്‍ കുഞ്ഞികൃഷ്ണ കുറുപ്പ്, കെഎം രൂപേഷ്, കളമുള്ളതില്‍ രജീഷ്, രാമത്ത് മീത്തല്‍ മാതു, സലിന പറമ്പത്ത് മീത്തല്‍, രാമത്ത് മീത്തല്‍ സുരേഷ് ബാബു, പറമ്പത്ത് ഗോപാലകുറുപ്പ്, താഴെകുറ്റിയില്‍ നാരായണി, കുറ്റിക്കാട്ടില്‍ ശ്രീധരന്‍, തെക്കെകുളങ്ങര ശരീഫ, തയ്യില്‍മീത്തല്‍ കൃഷ്ണന്‍, പാറു തയ്യില്‍, പറമ്പത്ത് മീത്തല്‍ ശൈലജ, രാമത്ത് മീത്തല്‍ ബാലന്‍, പുനത്തില്‍ ബിയ്യാത്തൂട്ടി, കരുവാണ്ടി ഇബ്രാഹി എന്നിവരുടെ താണ്. വടകര കരിമ്പനപാലത്തെ വലിയ കയ്യില്‍ സദാനന്ദന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top