വടകര താലൂക്കില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

കോഴിക്കോട്: വടകര താലൂക്കില്‍ ഐഎംഎ നേതൃത്വത്തില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ജില്ലയിലെ ഡോക്ടര്‍മാര്‍ അന്ന് കരിദിനം ആചരിക്കും. എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങണ്ണൂരില്‍ വനിതാ ഡോക്ടറുടെ വീടും ക്ലിനിക്കും ആക്രമിച്ച പ്രതികള്‍ക്കെതിരേ പോലിസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കും കരിദിനാചരണവും.
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലാ റിട്ടയേഡ് മെഡിക്കല്‍ ഓഫിസര്‍ ഡോ വി ശോഭനാദേവിയുടെ വീടിനും ക്ലിനിക്കിനും നേരെയാണ് ആക്രമണമുണ്ടായത്. ജനുവരി 20ന് രാത്രി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ അയല്‍വാസിയുള്‍പ്പെടെയുള്ള രണ്ട് പേരോട് അല്‍പം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനും അക്രമത്തിനും കാരണമെന്ന് സംശയിക്കുന്നതായി ഡോ വി ശോഭനാദേവി പറഞ്ഞു. 23ന് വീട്ടിലെ പൂച്ചെട്ടികളും മറ്റും തകര്‍ത്ത സംഘം 28ന് ക്ലിനിക്ക് അടിച്ചുതകര്‍ക്കുകയും കിണര്‍ മലിനമാക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഐഎംഎ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പോലിസ് മേധാവി തുടങ്ങിയവരെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ അനാസ്ഥ തുടരുകയാണെന്ന് ഡോക്ടര്‍ ആരോപിച്ചു.
ഡോക്ടര്‍മാര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ പി ബാലകൃഷ്ണന്‍ പറഞ്ഞു. കൊടുങ്ങല്ലൂരിലും മാഹിയിലുമെല്ലാം സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്.
ആശുപത്രി സംരക്ഷണ നിയമപ്രകാരം ഇത്തരം സംഭവങ്ങള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാമെങ്കിലും ആ രീതിയിലുള്ള നടപടികള്‍ ഉണ്ടാവാത്തതാണ് അക്രമങ്ങള്‍ തുടരാന്‍ കാരണമാവുന്നത്. നാളെ നടക്കുന്ന പണിമുടക്ക് സൂചനാ സമരമാണെന്നും അക്രമികള്‍ക്കെതിരേ നടപടിയെടുക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ റോഷിക് വി എം, ഡോ രാഘേഷ് രാജു കെ കെ, ഡോ അജിത് ഭാസ്‌കര്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top