വടകര താലൂക്കിലെ മലയോരനിവാസികളുടെ പ്രയാസങ്ങള്‍ക്ക് അറുതിയാവുന്നു

വടകര: വടകരക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അറുതിയാവുന്നു. വടകര റസ്റ്റ് ഹൗസ് പഴയ ബ്ലോക്കില്‍ 25ന് രാവിലെ പത്തു മണിക്ക് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മുപ്പതോളം തസ്തികകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് ഓഫീസ് മാറുമെന്ന പ്രചരണം ശക്തമായിരുന്നു. സികെ നാണു എംഎല്‍എയുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ഓഫീസ് വടകരയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചത്. ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടക്കുന്നത്.
ആര്‍ഡിഒ അടക്കം 24 ജീവനക്കാരെയാണ് ഈ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. സീനിയര്‍ സുപ്രണ്ട് 1, ജൂനിയര്‍ സുപ്രണ്ടുമാര്‍ 3, എ.ഒ 2, ക്ലര്‍ക്ക് 12, ടൈപ്പിസ്റ്റ് 1, ഓഫീസ് അറ്റണ്ടര്‍ 1, പ്യൂണ്‍ 2, െ്രെഡവര്‍ 1 എന്നിങ്ങെയാണ് സ്റ്റാഫ് പാറ്റേണ്‍. വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരുതാശ്വാസം, പ്രകൃതി ദുരന്തം, വഴിത്തര്‍ക്കങ്ങള്‍ എന്നിവയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ഓഫീസ് വഴി പരിഹാരം ലഭിക്കും. ഇതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍കാലികമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസിലാണ് പ്രവര്‍ത്തിക്കുക.
വടകരയില്‍ ആര്‍ഡിഒ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ആരംഭിക്കുന്നതിന് 2017 മാര്‍ച്ച് 17ന് ജില്ലാ കലക്ടര്‍ വടകരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് വടകര റസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം താല്‍ക്കാലികമായി തുടങ്ങാന്‍ അനുമതി നല്‍കിയത്.
വടകരയില്‍ ആര്‍ഡിഒ ഓഫീസ് വരുന്നതോടെ വടകര താലൂക്കിലെ മലയോര മേഖലയുള്ളവര്‍ക്കാണ് കൂടുതല്‍ ഉപകാര പ്രദമാവുക. കാലവര്‍ഷ സമയങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശമാണ് കാലൂക്കിലെ മലയോര മേഖല. ഇവിടത്തുകാര്‍ക്ക് നഷ്ടപരിഹാര തുകകള്‍ക്ക് വേണ്ടി ജില്ലാ കലക്ടറേറ്റ് ഓഫീസുകളില്‍ കയറിയറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ കാരണത്താലാണ് വടകരയില്‍ ആര്‍ഡിഒ ഓഫീസ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം ആര്‍ഡിഒ ഓഫീസ് വടകരയില്‍ മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടന്നിരുന്നു.
ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി ഇന്നലെ റസ്റ്റ് ഹൗസില്‍ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. യോഗത്തില്‍ സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. കോഴിക്കോട്, വടകര എംപിമാര്‍, വടകര ആര്‍ഡിഒ ഓഫീസ് പരിധിയില്‍പെടുന്ന എംഎല്‍എമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍വ്വീസ് സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വടകര മുനിസിപാലിറ്റി ചെയര്‍മാന്‍ കെ ശ്രീധരന്‍ ചെയര്‍മാനും, വടകര ആര്‍ഡിഒ വിപി അബ്ദുറഹിമാന്‍ കണ്‍വീനറുമായിട്ടാണ് കമ്മിറ്റി രൂപീകരിച്ചത്. കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

RELATED STORIES

Share it
Top