വടകരയില്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും റെയ്ഡ്‌

വടകര: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനൊപ്പം വടകരയിലെ ഹോട്ടലുകളിലും ചായക്കടകളിലും, കൂള്‍ബാറുകളിലും മറ്റും ശുചിത്വനിലവാരം ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടി. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി.
നഗരത്തിലെ പതിനഞ്ചോളം ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി എന്നിവയില്‍ നടത്തിയ പരിശോധനയില്‍ എട്ട് സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി. ഇറച്ചി, പൊറോട്ട, ചോറ്, ചപ്പാത്തി, പഴവര്‍ഗങ്ങള്‍, പഴകിയ തൈര്, ബിരിയാണി റൈസ്, ഭക്ഷ്യ എണ്ണ, അച്ചപ്പം, പഴകിയ പച്ചക്കറി, പുട്ടുപൊടി, എന്നിവയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിടികൂടിയത്. പിടികൂടിയവ  ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു. കരിമ്പന റസ്‌റ്റോറന്റ്, സഹകരണ ആശുപത്രിക്ക് സമീപം ഹോട്ടല്‍ സൗമ്യ, പ്ലാസ കൂള്‍ബാര്‍, കരിമ്പനപ്പാലം ഹോട്ടല്‍ ഉദ്യാന്‍, നോര്‍ത്ത് പാര്‍ക്ക്, നാരായണ നഗറിലെ സരസ്വതി ഭവന്‍, ഉദ്യാന്‍ ഹോട്ടല്‍, അരവിന്ദ് ഘോഷ് റോഡിലെ ഹോട്ടല്‍ അടുക്കള, സീഎന്‍ സ്‌റ്റോര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.
മഴക്കാലത്തിനു മുന്‍പ് ഹോട്ടലുകളുടെ ശുചിത്വവും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ ദിവാകരന്‍ പറഞ്ഞു. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. ഏഴ് ദിവസം കഴിഞ്ഞാല്‍ ഈ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തുകയും ശുചിത്വനിലവാരം ഉയര്‍ന്നിട്ടില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top