വടകരയില്‍ വീണ്ടും കഞ്ചാവ് വേട്ട: ഒരാള്‍ അറസ്റ്റില്‍

വടകര: റൂറല്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വടകരയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം മേല്‍മുറി ഊരകം നീലാഞ്ചേരി അബ്ബാസിനെ(30)യാണ് വടകര സിഐ ടി മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വടകര പഴയ ബസ് സ്റ്റാന്റില്‍ വച്ച് കഞ്ചാവ് വില്‍പനയ്ക്ക് ശ്രമിക്കുന്നതിനിടയിലാണ് പ്രതി സ്‌ക്വാഡിന്റെ വലയിലായത്.
കരിയര്‍ ഏജന്റാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട്, ബംഗളുരു ഭാഗങ്ങളില്‍ നിന്നാണ് പ്രതി കഞ്ചാവ് എത്തിക്കുന്നത്. വടകരയും പരിസര പ്രദേശങ്ങളിലും വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് രണ്ട് കിലോ കഞ്ചാവുമായി മധ്യവയ്‌സകനെ പിടികൂടിയിരുന്നു.
വന്‍ തോതില്‍ വില്‍പനയ്ക്കായി വടകര മേഖലയില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിരവത്തെ തുടര്‍ന്ന് പോലിസ് നടത്തുന്ന പരിശോധനയിലാണ് ഇവര്‍ വലയിലായത്. ഇന്നലെ പിടികൂടിയ ഒന്നരക്കിലോ കഞ്ചാവും കൂടി വടകരയില്‍ നിന്നു തുടര്‍ച്ചയായി മൂന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൂടുതലും കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള വില്‍പനയാണ് നടക്കുന്നതെന്ന പ്രതികളുടെ മൊഴി രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
അതേസമയം പിടികൂടിയവര്‍ വടകരയിലുള്ള എജന്റുകള്‍ക്കാണ് നല്‍കുന്നതെന്നും വിവരമുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാല്‍ മാത്രമെ വടകരയിലുള്ള ഉപയോഗത്തെ കുറിച്ചും എങ്ങിനെയാണ് വില്‍പനയെന്നും ആരൊക്കെയാണ് ഉപഭോക്താക്കളെന്നും മനസിലാവൂ. ഇതിന് വേണ്ടി പോലിസ് പ്രത്യേകം നിരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്.
ഇന്നലെ പ്രതിയെ പിടികൂടിയ സ്‌ക്വാഡില്‍ വടകര എസ്‌ഐ കെഎ ഷറഫുദ്ധീന്‍, എഎസ്‌ഐ മാരായ സിഎച്ച് ഗംഗാധരന്‍, കെപി രാജീവന്‍, ബാബു കക്കട്ടില്‍, സീനിയര്‍ സിപിഒ സി യൂസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി ഷാജി, പ്രദീപന്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top