വടകരയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടതിന്റെ കൈകളിലേക്ക്

വടകര: ജനതാദള്‍(യു) യുഡിഎഫ് മുന്നണി വിട്ടതോടെ വടകര മേഖലയില്‍ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം ഇടതു മുന്നണിയുടെ കൈകളിലേക്ക്. എട്ട് വര്‍ഷത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദള്‍(യു) മുന്നണി മാറി ഇടതു മുന്നണിയോടൊപ്പം പോകാന്‍ തീരുമാനിച്ചതോടെ അഴിയൂര്‍, ചോറോട്, പഞ്ചായത്തുകളിലും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റത്തിന് സാധ്യതയേറിയിരിക്കുകയാണ്.
അഴിയൂര്‍ പഞ്ചായത്തില്‍ 18 മെംബര്‍മാരില്‍ യുഡിഎഫാണ് ഇപ്പോള്‍ ഭരണം കൈയ്യാളുന്നത്. മുസ്‌ലിം ലീഗിന് 4, ജനതാദള്‍(യു) 3, കോണ്‍ഗ്രസ് സി 2, സിപിഎം 4, പിഐ സ്വതന്ത്രന്‍1, ജനതാദള്‍(എസ്) 1, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ജനതാദള്‍ മുന്നണി വിടുന്നതോടെ എല്‍ഡിഎഫിന് 9 അംഗങ്ങളുടെ പിന്തുണയാണ് ലഭിക്കുക. അതേസമയം ഒരു മുന്നണിയുടെയും സഹായമില്ലാതെ പഞ്ചായത്ത് മെംബര്‍ സ്ഥാനത്തെത്തിയ എസ്ഡിപിഐ യുഡിഎഫിനൊപ്പം നിന്നാല്‍ തന്നെ അവിശ്വാസ പ്രമേയം വരാനും, നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുമെന്നതുമാണ് അഴിയൂരിലെ അവസ്ഥ.  21 അംഗ ചോറോട് പഞ്ചായത്ത് ഭരണ സമിതിയില്‍ നിലവില്‍ യുഡിഎഫിന് 9 പേരും, സിപിഎമ്മിന് 9 അംഗങ്ങളുമാണ് ഉള്ളത്. ആര്‍എംപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. ഇതിനു പുറമെ ഒരു ബിജെപി അംഗവുമുണ്ട്. പഞ്ചായത്തിലെ രണ്ട് മെംബര്‍മാരുള്ള ജനതാദള്‍(യു) പിന്തുണ പിന്‍വലിച്ചാല്‍ യുഡിഎഫിന് ഭരണം നഷ്ട്ടമാകുമെന്നതില്‍ സംശയമില്ല. മുന്നണി മാറ്റപ്രകാരം ഇവര്‍ ഇടതുമുന്നണിയിലേക്ക് മാറുന്നതോടെ 11 അംഗങ്ങളുടെ പിന്തുണയോടെ ഭരണം ഇടതു കൈകളിലെത്തും.
നിലവില്‍ ഏറാമല പഞ്ചായത്തില്‍ മേല്‍ക്കൈയുള്ള ജനതാദള്‍(യു)വിന്റെ മുന്നണി മാറ്റത്തോടെ ഭരണം ഇടതു മുന്നണിയ്ക്ക് അനുകൂലമാകും. 19 അംഗ ഭരണ സമിതിയില്‍ ജനതാദള്‍(യു)വിനു 8 അംഗങ്ങളാണുള്ളത്. സിപിഎം, സിപിഐ എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. ആര്‍എംപി 3, ലീഗ്4, കോണ്‍ഗ്രസ് 2 എന്നിവര്‍ യോജിച്ചാലും ഭരണം ഇടതിനോടൊപ്പം നില്‍ക്കും. നിലവില്‍ വിവാദം നിലനില്‍ക്കുന്ന തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ഭരണ മാറ്റം ഉറപ്പായി. കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയ്‌ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം കോറം തികയാത്തതിനെ തുടര്‍ന്ന് മാറ്റി വച്ച സാഹചര്യത്തിലാണ് ജനതാദള്‍(യു)വിന്റെ നിലപാട് നിര്‍ണായകമാകുന്നത്.
13 അംഗ ഭരണ സമിതിയില്‍  നിലവില്‍ ജനതാദളിന്റെ ഒരംഗം ഉള്‍പ്പടെ 7 പേരാണ് ഉള്ളത്. ഇതില്‍ പ്രസിഡന്റ് യുഡിഎഫുമായി സഹകരിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനതാദളിന്റെ പിന്തുണയോടെ ഭരണം ഇടതു മുന്നണിയ്ക്ക് അനുകൂലമാവും.

RELATED STORIES

Share it
Top