വടകരയില്‍ ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായി ഡ്രൈവിങ് ടെസ്റ്റ്‌

വടകര: വടകരയില്‍ ആദ്യമായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി. ഐസിഡിഎസ് തോടന്നൂര്‍ ബ്ലോക്ക് വഴി നല്‍കിയ മുച്ചക്ര വാഹന ഉടമകള്‍ക്കായാണ് ഇന്നലെ സ്‌പെഷല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. 14 ഭിന്നശേഷിയുളളവര്‍ ടെസ്റ്റില്‍ പങ്കെടുത്തു.
ടെസ്റ്റിലെത്തിയവര്‍ക്ക് റോഡ് സുരക്ഷാ ക്ലാസും, സുരക്ഷിതമായി വാഹനം ഓടിക്കുവാനുള്ള നിര്‍ദ്ദേശവും നല്‍കി. ടെസ്റ്റില്‍ 12 പേര്‍ വിജയിച്ചു. വിജയിച്ചവര്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഉടന്‍തന്നെ വിതരണം ചെയ്തു. ടെസ്റ്റില്‍ 12 പുരുഷന്‍മാരും 2 സ്ത്രീകളും ഉണ്ടായിരുന്നതില്‍ സത്രീകള്‍ 2 പേരും ടെസ്റ്റില്‍ വിജയിച്ചു. വാഹനം ലഭിക്കുന്നതും ലൈസന്‍സ് കിട്ടുന്നതിനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വയം കാര്യങ്ങള്‍ നടത്തുവാനും, തൊഴില്‍ ചെയ്യുവാനും ആശുപത്രിയില്‍ പോകുവാനും സഹായകമാണെന്ന് വന്ന മത്സരാര്‍ത്ഥികള്‍ പറഞ്ഞു.
സാധാരണ ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടറില്‍ ഇരുവശത്തും ബേലന്‍സിങ് വീല്‍ ഘടിപ്പിച്ചാണ് വിതരണം ചെയ്യുന്നത്. ഈ വാഹനത്തിന്റെ ഇത്തരം ആള്‍ട്രേഷന്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തും. ഇത്തരം വാഹനങ്ങളില്‍ ആണ് ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തിയത്. സാധാരണ ടെസ്റ്റ് പോലെ 8 ടെസ്റ്റും റോഡ് ടെസ്റ്റും പാസ്സായാണ് ലൈസന്‍സ് ഇവര്‍ നേടിയത്. ഓരോരുത്തരുടേയും പരിമിതികള്‍ക്ക് യോജിക്കുന്ന രീതിയില്‍ വാഹനം ആള്‍ട്ടര്‍ ചെയ്ത് കിട്ടിയാല്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ ഇത് പരിശോധിച്ച് ആണ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഇത്തരം വാഹനങ്ങള്‍ക്ക് നികുതി ഇളവും ഉണ്ട്.  ഡിസേബിലിറ്റി ഉള്ളവരുടെ എബിലിറ്റി ടെസ്റ്റ് പാസ്സായ 12 പേര്‍ക്ക് ലൈസന്‍സ് ടെസ്റ്റ് വിജയിച്ച ഉടനം തന്നെ നല്‍കി. സാധാരണ ഗതിയില്‍ പോസ്റ്റല്‍ വഴിയാണ് ലൈസന്‍സ് അയച്ചുകൊടുക്കാറ് ഇതുപോലെ സ്‌പെഷല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തി ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദമായി കാര്യങ്ങള്‍ നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശമുണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റിന് വടകര റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിവി മധുസൂദനന്‍ നായര്‍ നേതൃത്വം നല്‍കി. എംവിഐ മാരായ എആര്‍ രാജേഷ്, അജില്‍കുമാര്‍, വിഐ അസ്സിം എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top