വടകരയില്‍ അക്രമം തുടരുന്നു; വീടുകള്‍ക്കു നേരെ ബോംബേറ്

വടകര: അറക്കിലാട് പ്രദേശത്ത് കൊടിതോരണങ്ങള്‍ സംബന്ധിച്ചുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വടകരയില്‍ പൊട്ടിപ്പുറപ്പെട്ട സിപിഎം-ബിജെപി അക്രമങ്ങള്‍ക്ക് അറുതിയായില്ല. ഇന്നലെ പുലര്‍ച്ചെയോടെ നാരായണം നഗരം, ചോറോട് എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് നേരെ ബോംബേറും, സ്വകാര്യ ആശുപത്രി പരിസരത്ത് അക്രമവും നടന്നു.
ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയുമായി മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയാണ് ബോംബെറിഞ്ഞത്. ചോറോട് കുരിയാടി ബ്രാഞ്ച് സെക്രട്ടറി പ്രസീത നിലയത്തില്‍ മോഹനന്‍, സിപിഎം നാരായണ നഗരം ബ്രാഞ്ച് കമ്മിറ്റി അംഗം തച്ചോളി മാണിക്കോത്ത് കല്ലുള്ള മീത്തല്‍ കെവി റിജിത്ത് കെ ടി ബസാറിലെ രയരങ്ങോത്ത് പുത്തന്‍പുരയില്‍ പി പി ചന്ദ്രശേഖരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബെറിഞ്ഞത്. മോഹനന്റെ വീടിനു മുകള്‍ നിലയിലാണ് ബോംബ് പതിച്ചത്. ജനല്‍ ഗ്ലാസുകളും, വീടിന്റെ സീലിങ്ങിനും തകരാര്‍ സംഭവിച്ചു. ബോംബിന്റെ ചീള് തെറിച്ച് പരുക്കേറ്റ മോഹനനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചയോടെയാണ് റീജിത്തിന്റെ വീടിനു നേരെ ബോംബേറ് നടന്നത്. എറിഞ്ഞ പൈപ്പ് ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അക്രമത്തില്‍ സിപിഎം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് പി പി ചന്ദ്രശേഖരന്റെ വീടിനു നേരെയും ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുന്‍ ഭാഗത്തെ തൂണിനു വിള്ളല്‍ സംഭവിച്ചു. ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞത്. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. സംഭവമറിഞ്ഞ് വടകര ഡിവൈഎസ്പി ചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ ഇസ്മായില്‍, വടകര ജൂനിയര്‍ എസ് ഐ ഷറഫുദ്ധീന്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ ബി ജെ പി ആണെന്ന് സിപിഎം ആരോപിച്ചു. വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം അനുമതിയില്ലാതെ പ്രകടനം നടത്തരുതെന്ന് കാണിച്ച് പോലിസ് ബിജെപി-സിപിഎം നേതൃത്വങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അക്രമ സംഭവങ്ങളില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച രാത്രി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ലിങ്ക് റോഡില്‍ വച്ച് മര്‍ദനമേറ്റതിനെ തുടര്‍ന്ന് വടകര സിഎം ആശുപത്രിക്ക് മുന്‍ വശം സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് തമ്പടിച്ചുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലിസ് റോഡില്‍ കണ്ടവരെയെല്ലാം അടിച്ചു. എന്നാല്‍ പോലീസ് ലാത്തി വീശിയതോടെ അടിയേറ്റ ബിജെപി പ്രവര്‍ത്തകര്‍ പോലിസിനെ അക്രമിച്ചു.
യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വികെ നിധിന്റെ അറക്കിലാട്ടെ വീടിനു നേരെയുണ്ടായ ബോംബാക്രണണത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇത് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് അക്രമം വ്യാപിക്കുകയായിരുന്നു. സമാധാനം നിലനിന്നിരുന്ന പ്രദേശമായ വടകരയില്‍ അക്രമം അഴിച്ചുവിട്ട് ഇരുപാര്‍ട്ടികളും ജനങ്ങളുടെ സമാധാനം കെടുത്തിയിരിക്കുകയാണ്. ഒരു പാര്‍ട്ടിയില്‍ പെട്ടവന്റെ വീടിന് നേരെ നടക്കുന്ന അക്രമത്തിന് തിരിച്ചടിയായി ഉടന്‍ തന്നെ അക്രമം നടക്കുന്നതാണ് മേഖലയിലെ സമാധാനം ഇല്ലാതാക്കിയിരിക്കുന്നത്. സിപിഎം-ബിജെപി കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള ആയുധങ്ങള്‍ സംഭരിച്ച് വച്ചിട്ടുണ്ടെന്നതിനുള്ള തെളിവ് കൂടിയാണ് ഒടുങ്ങനെയുള്ള അക്രമമെന്നും, സംഭവങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടി നാട്ടില്‍ സമാധാനം സൃഷ്ടിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വടകര അസംബ്ലി മണ്ഡലം പരിധിയിലെ വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി വടകര മണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്തു. ദീര്‍ഘ ദൂര ബസുകള്‍, പത്രം, പാല്‍, ആശുപത്രി, വിവാഹം എ്ന്നിവയെ ഹര്‍ത്താലില്‍ ഒഴിവാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top