വഖ്ഫ് സ്വത്തുക്കളുടെ ഫലപ്രദമായ വിനിയോഗത്തിന് കര്‍മപദ്ധതി വേണം: വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

കോട്ടയം: പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന തരത്തില്‍ മഹല്ലുകളുടെ ശാക്തീകരണത്തിന് വഖ്ഫ് സ്വത്തുക്കള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍.
ജില്ലയിലെ മുസ്‌ലിംപള്ളി, മദ്്‌റസ, ധര്‍മ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങള്‍ക്കായി സംസ്ഥാന വഖ്ഫ് ബോര്‍ഡ് സംഘടിപ്പിച്ച വഖ്ഫ് ജില്ലാ പ്രതിനിധി സംഗമവും മുത്തവല്ലി ബോധവല്‍ക്കരണ ക്യാംപും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖ്ഫ് സ്വത്തുക്കള്‍ സമുദായത്തിന്റെയും നാടിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിനു കൃത്യമായ ആസൂത്രണവും കാഴ്ചപ്പാടുമുണ്ടാവണം. വരുമാന വര്‍ധനയ്ക്കായി നിലവിലെ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം. വഖ്ഫ് സ്വത്തുക്കള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുക എന്നതാണ് വഖ്ഫ് ബോര്‍ഡിന്റെ ലക്ഷ്യം.
എന്നാല്‍, ബോര്‍ഡിന്റെ അധികസമയവും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി വിനിയോഗിക്കേണ്ടിവരികയാണ്. മഹല്ല് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകളില്ലാതാക്കി ഐക്യത്തോടെ മുന്നേറാന്‍ മഹല്ല് സംവിധാനം നേതൃപരമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ധനസഹായങ്ങള്‍ നേടിയെടുക്കാന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ നല്‍കുന്ന ധനസഹായം നേടിയെടുക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ യഥാസമയം തയ്യാറാക്കിനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ കൂടിയ സംഗമത്തില്‍ വഖ്ഫ് ബോര്‍ഡ് മെംബര്‍ എം സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ അഡ്വ.പി വി സൈനുദ്ദീന്‍, അഡ്വ.എം ഷറഫുദ്ദീന്‍, അഡ്വ.ഫാത്തിമ റോസ്‌ന, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം കെ സാദിഖ്, കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ പി കെ ജലീല്‍ സംസാരിച്ചു.
വഖ്ഫ് നിയമങ്ങളെയും ബോര്‍ഡിന്റെ സാമൂഹികക്ഷേമ പദ്ധതികളെയും വഖ്ഫ് പ്രോപ്പര്‍ട്ടീസ് ലീസ് റൂള്‍സിനെയും പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. വഖഫ് വരവ് ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചും പരിശീലനം നല്‍കി.

RELATED STORIES

Share it
Top