വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്്‌ലിം സംഘടനകളുടെ പ്രക്ഷോഭ കണ്‍വന്‍ഷന്‍

കോഴിക്കോട്: കേരള വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്്‌ലിം സംഘടനകള്‍ പ്രക്ഷോഭ കണ്‍വന്‍ഷന്‍ നടത്തി. ജനുവരി എട്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ പ്രചരണാര്‍ഥം നടന്ന കണ്‍വന്‍ഷന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നിയമനം പുനഃപരിശോധിക്കാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. 1995ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെകണ്ട് ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് കേരള ഗവര്‍ണറെ കണ്ടും ആവശ്യപ്പെട്ടിരുന്നു. മുസ്്‌ലിം സംഘടനാ നേതാക്കള്‍ നിവേദനവും നല്‍കിയതാണ്. സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മാത്രം പിഎസ്‌സിക്കു വിട്ടത് ഒരേ വിഷയത്തില്‍ ഇരട്ട സമീപനം കൈക്കൊണ്ടിരിക്കയാണെന്നും ഒരു പ്രത്യേക സമുദായത്തോട് കാണിച്ച സര്‍ക്കാരിന്റെ വിവേചനമാണിത്-കണ്‍വന്‍ഷന്‍ ആരോപിച്ചു. എംഎസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം സി മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. മെമ്പര്‍ അഡ്വ. പി വി സൈനുദ്ദീന്‍, വിവധ സംഘടനകളെ പ്രതിനിധീകരിച്ച് കെ പി എ മജീദ് (മുസ്്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത), വി അബ്്ദുസ്സലാം (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), പി സി ബഷീര്‍ (ജമാഅത്തെ ഇസ്്‌ലാമി), വി പി അബ്ദുറഹിമാന്‍ (എംഇഎസ്), എ വി അബ്്ദുറഹിമാന്‍ മുസ്്‌ല്യാര്‍ (സമസത) ടി കെ അബ്ദുല്‍ കരീം (എംഎസ്എസ്), എന്‍ കെ അലി (മെക്ക), യു പോക്കര്‍, അഡ്വ. ഫാത്തിമ രോഷ്്‌ന (മെമ്പര്‍, കേരള വഖഫ് ബോര്‍ഡ്), നാസര്‍ കോട്ട (കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍), സംഘാടക സമിതി കണ്‍വീനര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഫൈസല്‍ പള്ളിക്കണ്ടി സംസാരിച്ചു.

RELATED STORIES

Share it
Top