വക്‌റ ഹെല്‍ത്ത് സെന്ററില്‍ പുതിയ ഓഫിസ് തുറന്നുദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍   സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വക്‌റ ഹെല്‍ത്ത് സെന്ററില്‍ പുതിയ ഓഫിസ് സജ്ജമായി. രോഗികള്‍ക്ക് സഹായകമായി രീതിയില്‍ പ്രത്യേക സീറ്റിങ് സംവിധാനവും മൊബിലിറ്റി സര്‍വീസും ഉള്‍പ്പെടുത്തിയാണ് ഓഫിസ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എച്ച്എംസി ബിസിനസ് സര്‍വീസ് മേധാവി അലി ജനാഹിയും കണ്ടിന്യൂ കെയര്‍ വിഭാഗം മേധാവി മഹ്മൂദ് അല്‍റയ്‌സിയും ചേര്‍ന്ന് പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ എച്ച്എംസി നടത്തുന്ന സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വികസനം. രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ചികില്‍സയും പരിചരണവും നല്‍കുന്ന സേവനമാണ് ഹോം ഹെല്‍ത്ത് കെയര്‍. വക്‌റയിലെയും പരിസരങ്ങളിലെയും രോഗികള്‍ക്കാണ് പുതിയ കേന്ദ്രത്തിന്റെ സേവനം ലഭിക്കുക. 300 രോഗികള്‍ക്ക് കേന്ദ്രത്തിന്റെ സേവനം ലഭിക്കുമെന്നും അലി ജനാഹി പറഞ്ഞു. കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധര്‍ തുടങ്ങി വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കുള്ള സേവനമാണ് ഹോം കെയര്‍ വിഭാഗം നല്‍കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും വീടുകളിലെത്തിയാണ് സേവനം നല്‍കുക. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കും. തെറാപ്പി സേവനങ്ങളും നല്‍കുന്നു. രോഗികളെ കൂടുതല്‍ സമയം ആശുപത്രിയില്‍ പാര്‍പ്പിക്കാതെ ഡിസ്ചാര്‍ജ് ചെയ്യുകയും ശേഷകാലം സ്വന്തം വീട്ടില്‍ കിടന്ന് ചികില്‍സയും പരിചരണവും ലഭ്യമാക്കുന്ന രീതിയാണിത്. രോഗികള്‍ അത്യാഹിത വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവും സന്ദര്‍ശിക്കുന്നത് കുറച്ചു കൊണ്ടു വരികയും ചെയ്യുന്നു. രോഗികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ സേവനത്തിനായി അഭ്യര്‍ഥിക്കാം. ഡോക്ടറുടെ റഫറലിന്റെ കൂടി അടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കുക. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് ഹോം ഹെല്‍ത്ത് കെയര്‍ സേവനം. അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റു സമയങ്ങളിലും സേവനം ലഭിക്കും.

RELATED STORIES

Share it
Top