വക്കാവിലെ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു തുടങ്ങി

നെന്മാറ: വര്‍ഷങ്ങളായി തുടരുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി മാലിന്യങ്ങള്‍ വേര്‍തിരിച്ചു തിരിച്ചു തുടങ്ങി. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ വക്കാവ് മാലിന്യ കേന്ദ്രത്തിലെ മാലിന്യമാണ് വേര്‍തിരിച്ചു തുടങ്ങിയത്. നിലവിലുള്ള മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് മാലിന്യം വേര്‍തിരിക്കുന്നത്. ഇതിനായി പത്ത് തൊഴിലാളികളെ ഗ്രാമപ്പഞ്ചായത്ത് നിയോഗിച്ചു.
വര്‍ഷങ്ങളായി ഈ ഭാഗത്ത് കൊണ്ടിടുന്ന മാലിന്യങ്ങള്‍ കത്തിക്കുകയും, കുഴിച്ചിടുകയും മാത്രമാണ് ചെയ്തിരുന്നത്. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായി. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് മാലിന്യം പൂര്‍ണ്ണമായും നീക്കാന്‍ ഗ്രാമപ്പഞ്ചായത്ത് കഞ്ചിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയുമായി കരാറൊപ്പിട്ടത്. ഇതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു തുടങ്ങിയത്.
പ്ലാസ്റ്റിക്, കുപ്പികള്‍, മറ്റ് മാലിന്യങ്ങള്‍, ജൈവ മാലിന്യങ്ങള്‍ എന്നിങ്ങിനെയാണ് തൊഴിലാളികള്‍ വേര്‍തിരിക്കുന്നത്. വേര്‍തിരിച്ച മാലിന്യങ്ങള്‍ ഇപ്പോള്‍ ചാക്കിലാക്കിയാണ് സൂക്ഷിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ ഇവിടെ തന്നെ മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം.

RELATED STORIES

Share it
Top