വക്കം ഷബീര്‍ വധം: വിദേശത്തായിരുന്ന പ്രതി പിടിയില്‍

ചിറയിന്‍കീഴ്: വക്കം തോപ്പിക്കവിളാകം റെയില്‍വെ ഗേറ്റിനടുത്ത് വക്കം പുത്തന്‍നട സ്വദേശി ഷബീറിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ ഏഴാം പ്രതി പോലിസ് പിടിയിലായി. വക്കം രാമന്‍ വിളാകം വീട്ടില്‍ പൊന്നി എന്ന് വിളിക്കുന്ന വിഷ്ണു (26) വിനെയാണ് കടയ്ക്കാവൂര്‍ പോലിസ് മുംബെയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
2016 ജനുവരി 31നാണ് നാടിനെ നടുക്കിയ ദാരുണമായ കൊല നടന്നത്. വക്കം തോപ്പിക്കവിളാകം റെയില്‍വെ ഗേറ്റിനടുത്ത് വച്ച് ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷബീറിനെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കാറ്റാടി കഴ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആള്‍ ഇത് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞത്. ഈ സംഭവത്തിലെ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. അഞ്ചാംപ്രതി വിചാരണയ്ക്കിടയില്‍ ആത്മഹത്യ ചെയ്തു.
ആറാം പ്രതിയെ വെറുതെ വിട്ടു. ഏഴാം പ്രതിയായ വിഷ്ണു സംഭവത്തിനുശേഷം ഒളിവില്‍ പോവുകയും വിദേശത്തേയ്ക്ക് കടക്കുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂര്‍ സി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷാര്‍ജയിലായിരുന്ന വിഷ്ണു കഴിഞ്ഞ ദിവസം മുംബെ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് മുംബെ സഹര്‍ പോലിസിന് കൈമാറി.
തുടര്‍ന്ന് വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും കടയ്ക്കാവൂര്‍ പോലിസ് മുംബെയിലെത്തി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി വര്‍ക്കല േകാടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ജി ബി മുകേഷ്, എസ്‌ഐ ടി പി സെന്തില്‍ കുമാര്‍, എഎസ്‌ഐമാരായ ഷംസുദ്ദീന്‍, മനോഹര്‍, സിപിഒ റജീദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top