'വംശഹത്യകള്‍ തടയാന്‍ ബഹുജനമുന്നേറ്റമുണ്ടാവണം'കോട്ടയം: ബഹുജനമുന്നേറ്റത്തിലൂടെ മാത്രമേ രാജ്യത്ത് നടക്കുന്ന വംശഹത്യകള്‍ തടയാന്‍ കഴിയുകയുള്ളൂവെന്നും അതിന് മുസ്്‌ലിം- ദലിത് വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമാണെന്നും തേജസ് ബുക്‌സ് സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ അഭിപ്രായം. 'വംശഹത്യകള്‍- അസം, ഡല്‍ഹി, ഗുജറാത്ത്', 'ഇസ്്‌ലാമോഫോബിയ' തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ച് കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന കൂട്ടക്കൊലകളും വംശഹത്യകളും നേരിടുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ഉയര്‍ന്നുവന്നത്. ദലിത്- മുസ്്‌ലിംകള്‍ ഒന്നിച്ചുനിന്നുകൊണ്ട് അതിശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരനും ചിന്തകനുമായ കെ കെ ബാബുരാജ് അഭിപ്രായപ്പെട്ടു. ബീമാപ്പള്ളിയില്‍ ആറു മുസ്്‌ലിം യുവാക്കള്‍ കൂട്ടക്കൊല ചെയ്തപ്പോള്‍ ചുരുക്കംചിലര്‍ മാത്രമാണ് ശബ്ദിക്കാനുണ്ടായിരുന്നത്. അതേസമയം, രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളത്തില്‍ സജീവചര്‍ച്ചയാവുകയും ചെയ്തു. മുസ്്‌ലിം വിരുദ്ധവികാരം അതിശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നു. സവര്‍ണവിഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെട്ടിരുന്ന മുസ്്‌ലിം വിരുദ്ധത ഇപ്പോള്‍ അവര്‍ണരിലേക്കും വളര്‍ത്താന്‍ ശ്രമം നടക്കുകയാണ്. മുസ്്‌ലിങ്ങളെ നിശബ്ദരാക്കുന്നതിന് തെറ്റായ പ്രചാരവേലയും ഊഹാപോഹങ്ങളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വംശഹത്യകള്‍ തടയുന്നതിനുള്ള ബഹുജനമുന്നേറ്റത്തിന് മുസ്്‌ലിം, ദലിത് വിഭാഗങ്ങള്‍ മുന്നോട്ടുവരണമെന്ന് പുസ്തക രചയിതാവ് പ്രഫ.പി കോയ പറഞ്ഞു. ഇന്ത്യയില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട കലാപവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. ആവശ്യമുള്ള സമയത്ത് സ്വിച്ച് ഓണാക്കിയാല്‍ മതി കലാപമുണ്ടാവും. ദലിതുകള്‍ ഇരയാക്കപ്പെടുന്ന കലാപങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകളൊന്നും പുറത്തുവരാറില്ല. അല്‍പം പ്രതികരണശേഷിയുള്ളതുകൊണ്ട് മുസ്്‌ലിംകള്‍ക്കെതിരായ കലാപങ്ങള്‍ പുറംലോകമറിയുന്നു. ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങളുടെ വ്യക്തമായ വിവരശേഖരണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ നടക്കുന്ന വംശഹത്യകളുടെ കാരണങ്ങള്‍ സമഗ്രമായി വായനക്കാര്‍ക്ക് മനസിലാവുന്ന വിധം ലളിതമായാണ് ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിയ കെ എച്ച് നായര്‍ പറഞ്ഞു. ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ആസൂത്രിതമായ നുണകളാണ് വംശഹത്യകള്‍ക്ക് അരങ്ങൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തേജസ് കോട്ടയം ബ്യൂറോ ചീഫ് നിഷാദ് എം ബഷീര്‍ സ്വാഗതവും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഉസ്മാന്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top