ളാലം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി ളാലം ബ്ലോക്കിനെ തിരഞ്ഞെടുത്തു. 2016-17 വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. തുടര്‍ച്ചയായ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളില്‍  100 ശതമാനം പദ്ധതി തുക ചെലവിടുന്ന ബ്ലോക്ക് പഞ്ചായത്താണ് ളാലമെന്ന് അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എസ് ഷിനോ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചായത്ത് എംപവര്‍മെന്റ് ആന്‍ഡ് ഇന്‍സെന്റീവ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ളാലമാണ്. ജില്ലാതല പുരസ്‌കാരത്തിന് തീക്കോയി ഗ്രാമപ്പഞ്ചായത്ത് അര്‍ഹമായി.
ജില്ലാതലത്തില്‍ ഒന്നാമതെത്തിയവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നു മുണ്ടക്കയം, മേലുകാവ് ഗ്രാമപ്പഞ്ചായത്തുകളും അര്‍ഹമായിട്ടുണ്ട്. 19ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായും ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം, കുടുംബശ്രീ എക്‌സിക്യുട്ടിവ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍, സ്‌റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top