'ലൗ ജിഹാദി'ന്റെ ഇല്ലാക്കഥ തുറന്നുകാട്ടി സൂര്യഗായത്രി

തൃശൂര്‍: മാധ്യമങ്ങള്‍ മല്‍സരിച്ച് ആഘോഷിച്ച ലൗ ജിഹാദിനെ പൊളിച്ചടുക്കിയ സൂര്യഗായത്രിക്കു ഭാവാഭിനയത്തില്‍ മധുരമൂറും എ ഗ്രേഡ്. തീവ്രഹിന്ദുത്വ സംഘടനകള്‍ സൃഷ്ടിച്ച കെട്ടുകഥയാണു ലൗ ജിഹാദെന്നും പ്രേമിക്കുന്നതു മതംമാറാനല്ലെന്നുമുള്ള പ്രഖ്യാപനമാണു ഗായത്രി ഭാവാഭിനയത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ നിവര്‍ത്തിയത്.
ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ പ്രണയം നടിച്ച് വശീകരിച്ചു മതംമാറ്റുന്ന മുസ്‌ലിം തീവ്രവാദ പ്രസ്ഥാനം കേരളത്തില്‍ സജീവമാണെന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വരിച്ച സ്ത്രീകള്‍ അവരുടെ ഇരകളാണെന്നുമുള്ള ഫാഷിസ്റ്റ് ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു ഇവിടെ സൂര്യഗായത്രി. സുഹൃദ്ബന്ധങ്ങള്‍ തീവ്രവല്‍ക്കരിച്ച് അതു തെറ്റായി സമൂഹത്തില്‍ പ്രചരിപ്പിച്ചു തെറ്റായി വ്യാഖ്യാനിക്കപ്പെടുകയുമാണു ചെയ്യുന്നത്. മുസ്്‌ലിം യുവാക്കള്‍ ഇതര മതത്തിലെ യുവതികളെ വിവാഹം ചെയ്താല്‍ അതിനെ ലൗജിഹാദെന്ന് വിളിച്ചുപറഞ്ഞ് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ ഇതു നേരെ തിരിച്ചാണെങ്കില്‍ മിണ്ടാതിരിക്കുകയാണു ചെയ്യുന്നതെന്നും കണ്ണിറുക്കി കാണിച്ചാല്‍ വീടു വിട്ടിറങ്ങുന്നവരല്ല ഇല്ലത്തെ കുട്ടികളെന്നും സൂര്യഗായത്രി സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കലാഭവന്‍ നൗഷാദിന്റെ പരിശീലനത്തിലാണു സൂര്യഗായത്രി മല്‍സരിക്കാനെത്തിയത്. പങ്കെടുത്ത മുഴുവന്‍ പേരും എ ഗ്രേഡ് നേടി.

RELATED STORIES

Share it
Top