ലൗജിഹാദ് ആരോപിച്ച് യുവാവിന് കര്‍ണാടക പോലിസിന്റെ ക്രൂരമര്‍ദനം

കോഴിക്കോട്: ലൗജിഹാദ് ആരോപണത്തില്‍ കേരളാ പോലിസ് കര്‍ണാടക പോലിസിന് കൈമാറിയ യുവാവിന്  ക്രൂരമര്‍ദനമേറ്റതായി പരാതി. കോഴിക്കോട് കുറ്റിയാടി സ്വദേശി ഫാസിലിനെ ലോക്കപ്പില്‍ തലകീഴായി കെട്ടിതൂക്കിയും ശരീരത്തില്‍ മുളക് തേച്ചും മര്‍ദിച്ചെന്നാണ് ആരോപണം. കോഴിക്കോട് കുറ്റിയാടി പോലിസാണ് രണ്ടു മാസം മുമ്പ് ഫാസിലിനെ  ബംഗളൂരു ഒളിമാവ് പോലിസിന് കൈമാറിയത്. പോലിസിനെ പേടിച്ചിട്ടാണ് ഇത്രയും നാള്‍ ഒന്നും പുറത്ത് പറയാതിരുന്നതെന്ന് ഫാസില്‍  പറയുന്നു.
സൗത്ത് ബംഗളൂരുവിലുള്ള പിങ്കി ചൗധരിയെന്ന യുവതിയും ഫാസിലുമായുള്ള വിവാഹം മതാചാരപ്രകാരം നടന്നിരുന്നു. തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് വന്നു. ഇവരെ പിന്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ബംഗൂരു ഒളിമാവ് പോലിസും കുറ്റിയാടിയിലെത്തി. ഇതോടെ ഒളിവില്‍ പോയ ഇരുവരേയും ഫാസിലിന്റെ സഹോദരിയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുറ്റിയാടി പോലിസ് സ്‌റ്റേഷനിലെത്തിച്ചത്. കോടതിയില്‍ പോലും ഹാജരാക്കാതെ രണ്ടു പേരേയും കര്‍ണാടക പോലിസിനു കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയതിന് ശേഷമായിരുന്നു ലൗ ജിഹാദ് ആരോപിച്ചുള്ള ക്രൂര മര്‍ദനം.
പെണ്‍കുട്ടിക്ക് വേണ്ടി ഫാസില്‍ കഴിഞ്ഞദിവസം ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഫാസില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലിസിന്റെ ക്രുരമര്‍ദനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.  സുഹൃത്തുക്കളെ ഒരു പക്ഷെ ഇതെന്റെ അവസാന ശ്രമം ആണ്. സാമൂഹിക മാധ്യമങ്ങളുടെ ഇന്നത്തെ  കാലത്തെ അത്യന്തം മനുഷ്യത്വപരമായ ഇടപെടല്‍ ഈ കാര്യത്തില്‍ എനിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

RELATED STORIES

Share it
Top