ലോ അക്കാദമി: ഭൂമി തിരിച്ചുപിടിക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ അധികമുള്ളതു തിരിച്ചുപിടിക്കണമെന്ന റവന്യൂ മന്ത്രിയുടെ ശുപാര്‍ശയ്‌ക്കെതിരേ മുഖ്യമന്ത്രി. റിപോര്‍ട്ട് തള്ളിയ മുഖ്യമന്ത്രി സംസ്ഥാനത്ത് എയ്ഡഡ് സ്ഥാപനങ്ങ ള്‍ക്കു നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ ലോ അക്കാദമിയുടെ അധിക ഭൂമി തിരിച്ചുപിടിക്കുന്നതില്‍ നടപടിയെടുക്കാവൂവെന്ന നിര്‍ദേ ശമാണു നല്‍കിയത്.
സംസ്ഥാനത്തു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ നല്‍കിയിട്ടുള്ള ഭൂമിയില്‍ ഉപയോഗിക്കാത്ത എത്ര ഭൂമിയുണ്ടെന്നും പതിച്ചുനല്‍കിയതിനു പുറമെ കൂടുതല്‍ ഭൂമിയുണ്ടോ എന്ന തും വിശദാംശങ്ങള്‍ സഹിതം പരിശോധിക്കാനും നിര്‍ദേശിച്ചു. തിരുവനന്തപുരം ഡിസിസി സെക്രട്ടറി എം ജെ ആനന്ദ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണു സര്‍ക്കാര്‍ ഈ മറുപടി നല്‍കിയത്. കോളജ് നടത്താനായി 11.29 ഏക്കര്‍ ഭൂമിയാണ് ആദ്യം പാട്ടത്തിനും പിന്നീട് പതിച്ചും സര്‍ക്കാര്‍ ലോ അക്കാദമിക്ക് നല്‍കിയത്. ഈ സ്ഥലത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി കെട്ടിടം നിര്‍മിച്ചതു തിരുവനന്തപുരം കലക്ടര്‍ പരിശോധനയില്‍ കണ്ടെത്തി. ഉപയോഗിക്കാത്ത മൂന്നര ഏക്കറും റസ്‌റ്റോറന്റും ബാങ്കും പ്രവര്‍ത്തിക്കുന്ന സ്ഥലവും ഏറ്റെടുക്കാമെന്നായിരുന്നു റവന്യൂ വകുപ്പ് ശുപാര്‍ശ. ഇങ്ങനെ തിരിച്ചെടുക്കുന്നതു നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം നിയമ വകുപ്പിന്റെ അഭിപ്രായം തേടി തീരുമാനിക്കാനാണു റവന്യൂ മന്ത്രി നിര്‍ദേശിച്ചത്.
മന്ത്രിമാരും സര്‍ക്കാര്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സൊസൈറ്റിക്കായിരുന്നു ഭൂമി പതിച്ചുനല്‍കിയത്. പിന്നീടു വ്യവസ്ഥകളില്‍ മാറ്റംവരുത്തി ഡയറക്ടറായ എന്‍ നാരായണന്‍ നായര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള സാഹചര്യമുണ്ടാക്കി.
സര്‍ക്കാര്‍ പ്രതിനിധികളെ ലോ അക്കാദമി ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കി. സിപി എം നേതാവും മുന്‍ എം എല്‍ എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനാണ് എന്‍ നാരായണന്‍ നായര്‍. കൃഷ്ണന്‍ നായരുടെ ഭാര്യ അക്കാദമിയില്‍ അധ്യാപികയാണ്. ഇവരെല്ലാം കുടുംബങ്ങളായി അക്കാദമി വളപ്പിലാണ് താമസം. ലോ അക്കാദമിയിലെ സമരകാലത്ത് അക്കാദമിക്ക് അനുകൂലമായ നിലപാടാണു സിപിഎം സ്വീകരിച്ചിരുന്നത്.

RELATED STORIES

Share it
Top