ലോഹക്കൂടുകള്‍ക്കുള്ളില്‍ നിറകണ്ണുകളോടെ കുട്ടികള്‍

ന്യൂയോര്‍ക്ക്: ദക്ഷിണ ടെക്‌സസിലെ പഴയ ഗോഡൗണില്‍ തീര്‍ത്ത ലോഹക്കൂടുകള്‍ക്കുള്ളില്‍ രക്ഷിതാക്കളെയും പ്രതീക്ഷിച്ച് നിറകണ്ണുകളോടെ നൂറുകണക്കിന് കുട്ടികള്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരക്കാര്‍ വരെ അക്കൂട്ടത്തിലുണ്ട്. കൂടുകള്‍ക്കുള്ളില്‍ വെള്ളക്കുപ്പികളും ലഘു ഭക്ഷണ  കവറുകളും ബ്ലാങ്കറ്റുകള്‍ക്കു പകരം കൊടുത്ത  ഷീറ്റുകളും ചിതറിക്കിടക്കുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തി കടന്നു യുഎസിലെത്തിയ അഭയാര്‍ഥികളില്‍ നിന്നു വേര്‍പെടുത്തിയ കുട്ടികളെ പാര്‍പ്പിച്ച കേന്ദ്രങ്ങളിലേക്ക് ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചപ്പോഴുള്ള ദൃശ്യങ്ങളായിരുന്നു ഇത്.
ട്രംപിന്റെ നടപടിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്നാണ് ക്യാംപിലേക്ക് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചത്. എന്നാല്‍, കുട്ടികളുമായി സംസാരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ല. ഓരോ കൂട്ടിലും 20 കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.
ടെക്‌സസിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ 1100 കുട്ടികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇരുള്‍മൂടിയ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കു മതിയായ സൗകര്യങ്ങളില്ലെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top