ലോവര്‍ പെരിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുതുടങ്ങി

തൊടുപുഴ: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ഇടുക്കി ലോവര്‍ പെരിയാര്‍ വൈദ്യുത നിലയത്തില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചു. ഇന്നലെ പുലര്‍ച്ചെയോടെ ടണലില്‍ വെള്ളം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നു. പകല്‍ 2.48 നാണ് ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് മറ്റ് രണ്ട് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തി.
ഇതിനൊപ്പം ലോഡ് ഡെസ്പാച്ച് സെന്ററിന് ഷെഡ്യൂള്‍ നല്‍കി വൈദ്യുതി വിതരണവും ആരംഭിച്ചു. രണ്ട് ജനറേറ്ററുകളില്‍ 30 മെഗാവാട്ട് വീതമാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. ഇന്ന് മുതല്‍ സാധാരണ നിലയില്‍ ഉത്പ്പാദനം നടത്തും. അവധി ദിവസം ആയതിനാല്‍ ഡിമാന്റ് കുറവുള്ളതിനാലും അണക്കെട്ടില്‍ വെളളം കുറവായിരുന്നതിനാലുമാണ് ഉത്പാദനം പരിമിതപ്പെടുത്തിയത്.
60 മെഗാവീട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ ഉള്ളത്. 180 മെഗാവാട്ടാണ് പൂര്‍ണ ശേഷി. ആഗസ്ത് 11 ന് രാത്രി 11.30 ഓടെയാണ് ടണലില്‍ എയര്‍ ബ്ലോക്കുമായി വന്‍ മര്‍ദം രൂപപ്പെട്ടതിനേത്തുടര്‍ന്ന് 70 ടണ്‍ ഭാരമുള്ള ഗെയ്റ്റും 30 ടണ്‍ ഭാരമുള്ള ട്രാഷ് റാക്കുമടക്കം തകര്‍ത്തെറിഞ്ഞത്. തുടര്‍ന്ന് ടണലില്‍ കല്ലും മണ്ണും അടിച്ചുകയറുകയായിരുന്നു. ഇത് വകവെയ്ക്കാതെ ഉത്പാദനം തുടര്‍ന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്.
ഇതോടെ 12.75 കിമീ. നീളത്തിലുള്ള ടണലില്‍ 600 മീറ്ററോളം ചെളി അടിഞ്ഞ് പദ്ധതി പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. 40 ദിവസത്തിന് ശേഷമാണ് ലോവര്‍ പെരിയാറില്‍ നിന്നും വൈദ്യുതി ഉത്പപാദനം പുനരാരംഭിക്കാന്‍ സാധിച്ചത്.

RELATED STORIES

Share it
Top