ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ തകരാര്‍ പരിഹരിക്കാനാവുന്നില്ല; ഉല്‍പാദനം നിലച്ചിട്ട് മൂന്നാഴ്ച

സി എ സജീവന്‍തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്നു പ്രളയജലം ഒഴുക്കിവിട്ടതോടെ തകരാറിലായ ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ തകരാര്‍ പരിഹരിക്കാനാവുന്നില്ല. ഇതിലൂടെ കോടിക്കണക്കിനു രൂപയാണു സംസ്ഥാനത്തിനു നഷ്ടമാവുന്നത്. വൈദ്യുതി ഉല്‍പാദനം നിലച്ച ഇനത്തില്‍ മാത്രം 32 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു കണക്ക്. ആഗസ്ത് 15നാണു പവര്‍ഹൗസ് തകരാറിലായത്. ഇവിടെ നിന്നുള്ള ഉല്‍പാദനം ഇനിയും പുനരാരംഭിക്കാനായിട്ടില്ല. 520 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ ഓരോ നിമിഷവും വകുപ്പിനുള്ളത്. ഈ സാഹചര്യത്തില്‍ 180 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ പെരിയാറില്‍ നിന്നുള്ള ഉല്‍പാദനം പുനരാരംഭിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.എന്നാല്‍ കൃത്യമായ തകരാര്‍ കണ്ടെത്താനാവാത്തതിനാല്‍ പ്രശ്‌നപരിഹാരം നീളുകയാണ്. അധിക ജലം തുറന്നുവിട്ട സമയത്തു ലോവര്‍ പെരിയാറിലും പരമാവധി ഉല്‍പാദനം നടന്നിരുന്നു. രാത്രിയില്‍ കൂടുതല്‍ വെള്ളം എത്തിയതോടെ കരിമണല്‍ പവര്‍ സ്റ്റേഷനിലേക്ക് പദ്ധതിയില്‍ നിന്ന് വെള്ളം കൊണ്ടുപോവുന്ന ടണല്‍ അടയ്ക്കാനായില്ല. ഇതിനിടെ ടണലിന്റെ മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതോടെ ഉല്‍പാദനം നിര്‍ത്തി. മരത്തടി പോലുള്ള എന്തോ കയറി ടണല്‍ ഭാഗികമായി അടഞ്ഞതാവാമെന്നാണു സംശയിക്കുന്നത്. ഇത്തരത്തില്‍ ഒരു ചെറിയ മരക്കമ്പു പോലും ടണലില്‍ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടെങ്കിലും ഇതും തകരാറിലായതായാണു വിവരം. ടണലിന്റെ ഷട്ടര്‍ പൂര്‍ണമായും അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഉള്ളില്‍ക്കയറി പരിശോധിക്കാനും ആവുന്നില്ല. ഈ സാഹചര്യത്തില്‍ രണ്ടിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണു കരുതുന്നത്. സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇടുക്കി കീരിത്തോടിനു സമീപം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതിയാണു ലോവര്‍ പെരിയാര്‍. ചളിയും മണ്ണും അടിഞ്ഞ് സംഭരണിയുടെ ശേഷി 60 ശതമാനമായി കുറഞ്ഞതായാണ് ഔദ്യോഗിക വിവരം. ഇക്കാര്യത്തിലും പരിശോധനകള്‍ ആവശ്യമാണ്. വലുപ്പത്തില്‍ ചെറുതാണെങ്കിലും എല്ലാ സമയത്തും വെള്ളവും ഉല്‍പാദനവും നടത്താനാവുന്ന പദ്ധതിയാണു ലോവര്‍ പെരിയാര്‍. നാലു ദശലക്ഷം യൂനിറ്റാണ് പരമാവധി ഉല്‍പാദന ശേഷി. 2.38 ദശലക്ഷം യൂനിറ്റ് വെള്ളം മാത്രമാണ് ഒരു സമയം ശേഖരിച്ചു വയ്ക്കാനാവുക. 60 മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളാണ് കരിമണലില്‍ ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്തെ തന്നെ ഉല്‍പാദനത്തില്‍ നാലാമതു നില്‍ക്കുന്ന പദ്ധതി. ഇടുക്കി, ശബരിഗിരി, കുറ്റിയാടി പദ്ധതികള്‍ക്കു മാത്രമാണ് ഇതിലും കൂടുതല്‍ ശേഷിയുള്ളത്. പള്ളിവാസല്‍, ചെങ്കുളം, നേര്യമംഗലം, നേര്യമംഗലം വിപുലീകരണ പദ്ധതി എന്നിങ്ങനെയുള്ള പവര്‍ഹൗസുകളില്‍ നിന്നു ലോവര്‍ പെരിയാറിലേക്കാണ് വെള്ളമെത്തുക. കുണ്ടള, മാട്ടുപ്പെട്ടി, ഹെഡ് വര്‍ക്‌സ്, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി എന്നീ ഡാമുകളില്‍ നിന്നുള്ള വെള്ളമാണ് ഇതു വഴി കടന്നുപോവുന്നത്. അഞ്ച് ഷട്ടറുകളുള്ള ഡാം മഴക്കാലം ശക്തിയായപ്പോള്‍ മുതല്‍ തുറന്നുവച്ചിരിക്കുകയായിരുന്നു.

RELATED STORIES

Share it
Top