ലോറി സമരം: ധാന്യങ്ങളുടെ വില കുതിച്ചുയരുന്നു

കാസര്‍കോട്്: രാജ്യവ്യാപകമായി തുടരുന്ന ചരക്ക് ലോറി സമരം നാലാംദിവസത്തിലേക്ക് കടന്നതോടെ ചരക്ക് നീക്കം തടസ്സപ്പെടുന്നു. സമരം തുടങ്ങും മുമ്പ് വിദൂര സ്ഥലങ്ങളില്‍ നിന്ന് പുറപ്പെട്ട ചുരുക്കം ചില ലോറികള്‍ മാത്രമാണ് വിവിധ കമ്പോളങ്ങളില്‍ എത്തിയത്. കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് നിത്യോപയോഗ സാധനങ്ങള്‍ കൂടുതലായി എത്തുന്നത്.
എന്നാല്‍ ലോറികള്‍ സാധനങ്ങളുമായി എത്താത്തതിനെ തുടര്‍ന്ന് പൊതുമാര്‍ക്കറ്റില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. ഇത് പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും ഇടയാക്കുമെന്ന് ആശങ്കയുണ്ട്. മിക്ക സ്ഥലങ്ങളിലും ഏതാനും ദിവസങ്ങള്‍ക്കുള്ള സാധനങ്ങളുടെ സ്റ്റോക്ക് മാത്രമാണുള്ളത്. ലോറി സമരം മുന്‍നിര്‍ത്തി ധാന്യവസ്തുക്കള്‍ക്ക് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. ഒരു മാസംമുമ്പ് 43 രൂപയുണ്ടായിരുന്ന ഗ്രീന്‍പീസിന് ഈ മാസം 68 രൂപയായിരുന്നു വില. എന്നാല്‍ ലോറി സമരത്തോടെ ഇത് 78 രൂപയായി വര്‍ധിച്ചു.
47 രൂപയുണ്ടായിരുന്ന കടലക്ക് 58 രൂപയായും 65 രൂപയുണ്ടായിരുന്ന വെളുത്ത കടലക്ക് 73 രൂപയായും വര്‍ധിച്ചു. 50 കിലോ തൂക്കംവരുന്ന മൈദ ചാക്കിന് 1340 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോഴത് 1440 രൂപയായി ഉയര്‍ന്നു.
1390 രൂപ വിലയുണ്ടായിരുന്ന റവക്ക് 1490 രൂപയായും വര്‍ധിച്ചു. പയര്‍, പരിപ്പ് എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. മഹാറാണി, കുറുവ ഇനങ്ങളില്‍പെട്ട അരിക്ക് കാസര്‍കോട്ടെ മൊത്തമാര്‍ക്കറ്റില്‍ കിലോഗ്രാമിന് 35 രൂപയാണ് വില. ഇത് കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു. പഞ്ചസാരക്ക് 37 രൂപയാണ് ഇന്നലെ വില.
എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പഞ്ചസാര ലോഡുകള്‍ എത്താത്തതിനാല്‍ വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറി സാധനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ബലിപെരുന്നാ ള്‍, ഓണം എന്നീ ആഘോഷങ്ങള്‍ വരുന്നതോടെ വിലക്കയറ്റം രൂക്ഷമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ശക്തമായ മഴയില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും കൃഷികള്‍ നശിച്ചതിനാല്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലകൂടാനാണ് സാധ്യതയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top