ലോറി സമരം: തുറമുഖത്തെ ചരക്ക് നീക്കം നിലച്ചു

മട്ടാഞ്ചേരി: ലോറിയുടമകള്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തി വരുന്ന സമരം മൂലം കൊച്ചി തുറമുഖത്തെ ചരക്ക് നീക്കം നിലച്ചു. സമരം തുടരുന്നസാഹചര്യത്തില്‍ കൊച്ചിയിലെ കണ്ടെയ്‌നര്‍ ഉടമകള്‍ കൂടി സമരത്തില്‍ പങ്കെടുത്താല്‍ തുറമുഖത്തെ പ്രവര്‍ത്തനം പുര്‍ണമായും സ്തംഭിക്കും.
മഴയടക്കമുള്ള  സാഹചര്യത്തിലാണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ ഉടമകള്‍ സമരത്തില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ സമരം തുടര്‍ന്നാല്‍ കൊച്ചിയിലെ കണ്ടെയ്‌നര്‍ വാഹനമുടമകളും സമരത്തില്‍ പങ്ക് ചേരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ലോറി സമരം സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ലോറിയുടമകള്‍ നടത്തി വരുന്ന പണിമുടക്ക് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചിയിലെ കണ്ടെയ്‌നര്‍ വാഹന ഉടമകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന ഡീസല്‍ വിലയും റോഡ് ടാക്‌സ് നിരക്കും ഇന്‍ഷുറന്‍സ് പ്രീമിയവും റോഡ് ടോള്‍ നിരക്കുകളും ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ തകര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊച്ചിന്‍ കണ്ടെയ്‌നര്‍ കാര്യയര്‍ ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി പി സുമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി തോമസ്, പി എ ഷമീര്‍, സി എസ് സുനില്‍കുമാര്‍  സംസാരിച്ചു.

RELATED STORIES

Share it
Top