ലോറി സമരം തുടരുന്നുപഴം-പച്ചക്കറി വില കുതിച്ചുയര്‍ന്നു

പൊന്നാനി: ലോറിസമരം എട്ടു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയര്‍ന്നു. സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ജനപ്രിയ ബ്രാന്‍ഡുകളുടെ വില കൂടാനും സാധ്യതയുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതാണ് പച്ചക്കറിവില ഉയരാനിടയാക്കിയത്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ ഒരാഴ്ചയായി സംസ്ഥാനത്ത് എത്തിയിട്ടില്ല. 20 ശതമാനത്തോളം വര്‍ധനയാണ് പച്ചക്കറികള്‍ക്ക് ഉണ്ടായിട്ടുള്ളത്.
കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം, പാളയം മാര്‍ക്കറ്റ്, എറണാകുളം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത്. സമരം തുടര്‍ന്നാല്‍ നഗര-ഗ്രാമവ്യത്യാസമില്ലാതെ അവശ്യസാധന വില കുത്തനെ ഉയരും.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സാധാരണ തിങ്കളാഴ്ച ദിവസമാണ് പച്ചക്കറി-പഴം ലോഡ് ഇറക്കാറ്. നിലവിലെ ശേഖരണം കഴിഞ്ഞാല്‍ വില കുത്തനെ ഉയരും. ശനിയാഴ്ച വരെ കച്ചവടം ചെയ്യാനുള്ള വിഭവങ്ങളാണ് പല കടകളിലുമുള്ളത്.ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എന്നാല്‍, അഖിലേന്ത്യാ ലോറിസമരം ചര്‍ച്ചയിലൂടെ തീര്‍ക്കാനുള്ള ഒരു ശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

RELATED STORIES

Share it
Top