ലോറി സമരം തുടങ്ങി; സംസ്ഥാനത്ത് ചരക്ക് നീക്കം പ്രതിസന്ധിയില്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോറി ഉടമകള്‍ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം കേരളത്തിലും ആരംഭിച്ചു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുന്ന സമരത്തില്‍ കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചു. കേരളത്തില്‍ നിന്നുള്ള ലോറികള്‍ ഏതാണ്ട് പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുക്കുന്നു.
ഇതോടൊപ്പം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചരക്ക് ലോറികളുടെ വരവ് പൂര്‍ണമായും നിലച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ സമരം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു സമരം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചരക്കുമായി പുറപ്പെട്ട ലോറികള്‍ മാത്രമാണ് ഇന്നു സംസ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള ലോറികള്‍ ചരക്ക് എടുക്കുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തേക്ക് പഴം, പച്ചക്കറി, അരി അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തുന്നത് നിലയ്ക്കും. ഒപ്പം നിര്‍മാണ മേഖലയേയും സമരം കാര്യമായി ബാധിച്ചേക്കും. ഡീസല്‍ വില വര്‍ധനവ്, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രിമിയം വര്‍ധന, അശാസ്ത്രീയമായ ടോള്‍ പിരിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ലോറി വ്യവസായത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

RELATED STORIES

Share it
Top