ലോറി മോഷണക്കേസ്: പ്രതികള്‍ അറസ്റ്റില്‍

ചേര്‍ത്തല:  വിവിധ ജില്ലകളില്‍ നിന്നുമായി ഏഴ് ലോറികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ ചേര്‍ത്തല പൊലിസ് അറസ്റ്റ് ചെയ്തു.
എറണാകുളം വടക്കന്‍പറവൂര്‍ കളരിത്തറ വീട്ടില്‍ ബൈജു(ടോറസ് ബൈജു44), തമിഴ് നാട് പെരുമ്പള്ളൂര്‍ കൗള്‍പാളയം അരിയല്ലൂര്‍ മെയിന്‍ റോഡ്  വീട്ടില്‍ സെല്‍വകുമാര്‍ (38) എന്നിവരെയാണ് ചേര്‍ത്തല പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ആലുവ, തിരുവനന്തപുരം സ്‌റ്റേഷനുകളില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
ദേശീയപാതയിലൂടെ കാറില്‍ സഞ്ചരിക്കുന്ന ബൈജു പുതിയ ലോറികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാല്‍ കൈവശമുള്ള വിവിധതരം താക്കോലുകള്‍ ഉപയോഗിച്ച് തുറക്കുവാന്‍ ശ്രമിക്കുകയും വിജയിച്ചാല്‍ ഇതുമായി തമിഴ്‌നാട്ടില്‍ സെല്‍വകുമാറിന് എത്തിക്കുകയുമാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ ഒരു ലോറി കൊടുത്താല്‍ രണ്ട് ലക്ഷം രൂപയാണ് സെല്‍വകുമാറിന് നല്‍കിയിരുന്നതെന്ന് എസ്‌ഐ ജി.അജിത് കുമാര്‍ പറഞ്ഞു.
ഇത്തരത്തില്‍ ലഭിക്കുന്ന ലോറിയുടെ രൂപമാറ്റം വരുത്തുകയും എന്‍ജിന്‍, ചേസിസ് നമ്പറുകള്‍ തിരുത്തി മറിച്ചു വില്‍ക്കുകയുമാണ് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
ചേര്‍ത്തല പതിനൊന്നാംമൈല്‍ ജംങ്ഷന് സമീപം എ ശാന്തകുമാറിന്റെ ലോറി മോഷണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ബൈജുവിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന കൂട്ടാളി ജിസ്‌മോനെ ആലുവയിലും മറ്റൊരു കൂട്ടുപ്രതി തമിഴ്‌നാട് സ്വദേശി സുരേഷിനെ തിരുവനന്തപുരത്തും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇരുവരെയും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ വി പി മോഹന്‍ലാല്‍ അറിയിച്ചു.

RELATED STORIES

Share it
Top