ലോറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസ് ; ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍പൂച്ചാക്കല്‍: ലോറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസില്‍ ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. ആസാം കോലിയാബാര്‍ നിവാസികളായ ഫൈസല്‍ ഹക്ക് ഹസാരിക (22), ഷാബിര്‍ ഹുസൈന്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16ന് ആയിരുന്നു മോഷണം. പൂച്ചാക്കലിലെ ആക്രിക്കടയില്‍ നിന്നുള്ള സാധനങ്ങള്‍ വിലക്കെടുത്ത് കൊണ്ടുപോവാന്‍ പെരുമ്പാവൂരില്‍ നിന്നെത്തിയതാണ് ലോറി.           ആക്രിസാധനങ്ങള്‍ എടുക്കുമ്പോള്‍ പകരം നല്‍കാനുള്ളതായിരുന്നു പണം. ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി മീരാന്‍ ഊണ് കഴിക്കാന്‍ പോയ സമയത്ത് മോഷണം നടന്നെന്നാണ് മൊഴി. ഊണ് കഴിഞ്ഞെത്തിയപ്പോള്‍ പണം അടങ്ങിയ ബാഗ് കാണാനില്ല. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരെയും കാണാനില്ല. ഇതേ തുടര്‍ന്ന് മീരാന്‍ പൂച്ചാക്കല്‍ പോലിസില്‍ പരാതി നല്‍കുകയും ഇതരസംസ്ഥാനക്കാരുടെ ചിത്രങ്ങള്‍ നല്‍കുകയും ചെയ്തു. അതനുസരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശനി രാത്രി പ്രതികളെ പിടികൂടുകയുമായിരുന്നു. 1,96,935 രൂപ ഇവരില്‍ നിന്നും കണ്ടെടുത്തു. ബാക്കി ചെലവായെന്നും മൊഴിനല്‍കി. ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൂച്ചാക്കല്‍ അഡീഷനല്‍ എസ്‌ഐ എം കെ ഉദയന്‍, അസി.എസ്‌ഐ സുരേഷ്ബാബു എന്നിവരാണ് പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top