ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

മുക്കം: ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന  വന്‍ സ്‌ഫോടകവസ്തു ശേഖരം പോലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മുക്കം -അരീക്കോട് റോഡില്‍ ഓടത്തെരുവില്‍ വെച്ചാണ് ഉഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നടുപ്പട്ടി സ്വദേശി മാതേഷ് (40) എന്നയാളെ അറസ്റ്റ് ചെയ്തു.
റൂറല്‍ എസ്പി പുഷ്‌ക്കരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം എസ്‌ഐ കെ പി അഭിലാഷ്, എഎസ്‌ഐ ബേബി മാത്യു, സതീഷ് കുമാര്‍, ജയമോദ്, സലിം മുട്ടാത്ത്, ഷഫീഖ്, കൃഷ്ണദാസ്, ഡിവൈഎസ്പി പി സി സജീവന്റെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോറിയില്‍ കടത്തുകയായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടിയത്. സ്‌ഫോടകവസ്തുക്കള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് അന്വേഷണത്തി ല്‍ വ്യക്തമായതായി ഡിവൈഎസ്പി പി സി സജീവന്‍  പറഞ്ഞു. ലോറിയുടെ രഹസ്യ അറയിലായി 44 ബോക്‌സുകളിലായാണ് സ്‌ഫോടകവസ്തു സൂക്ഷിച്ചിരുന്നത്. ഇതില്‍ 8000 ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ക്വാറികളിലും മറ്റും സ്‌ഫോടന പ്രഹര ശേഷി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതിനായാണ് കൊണ്ടുപോയതെന്നും ആര്‍ക്ക് നല്‍കാനാണ് കൊണ്ടുപോയത് എന്ന് വ്യക്തമായി സൂചന ലഭിച്ചതായും പോലിസ് പറഞ്ഞു. ഓമശ്ശേരിയിലെത്തിച്ചു നല്‍കാനായിരുന്നു കരാര്‍. വാഹനവും സ്‌ഫോടകവസ്തുക്കളും പിടികൂടുമ്പോള്‍ ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാളുടെ സഹായി കോയമ്പത്തൂരില്‍ നിന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയതായും പോലിസ് പറഞ്ഞു. പിടികൂടിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് തെലുങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലെ ഐഡിയല്‍ ഇന്റസ്ട്രിയല്‍ എന്ന കമ്പനിയിലാണ് ഇത് നിര്‍മിച്ചതെന്നും വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top