ലോറികളുടെ അനധികൃത പാര്‍ക്കിങ് അപകടഭീതി വര്‍ധിപ്പിക്കുന്നു

ചേര്‍ത്തല: ചോരകളമായി മാറിയ  ദേശീപാതയില്‍ രാത്രികാലങ്ങളില്‍  ലോറികളുടെ അനധികൃത പാര്‍ക്കിങ്  അപകട ഭീതി വര്‍ധിപ്പിക്കുന്നു. ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍  ആലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് രാത്രി മുതല്‍ പുലര്‍ച്ചെ  വരെ  അന്യ സംസ്ഥാനത്തുനിന്നും ഉള്‍പെടെ കണ്ടയ്‌നറുകളും  ലോഡ് നിറച്ച ലോറികളും  വെളിച്ചമില്ലാത്തടുത്തും   വീതികുറഞ്ഞ ഇടുങ്ങിയ സ്ഥലത്തും പാര്‍ക്ക് ചെയ്യുന്നത്.  ഇത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒരു മാസത്തിനുള്ളില്‍ അനേകം ജീവനുകളാണ് ദേശീയപാതയില്‍ പൊലിഞ്ഞത്. ദേശീയ പാതയില്‍  തങ്കികവലക്ക് സമീപം ആലപ്പുഴ ചൊക്കലിംഗം  തൈപറമ്പില്‍ ഹാഷിം  കണ്ടയ്‌നര്‍ ലോറിയിടിച്ചു മരിച്ചതാണ് ഒടുവിലത്തെ സംഭവം.റോഡിലേയ്ക്ക്  അശ്രദ്ധയോടെ കയറിവന്ന ബൈക്കുകളെ ഇടിക്കാതിരിയ്ക്കാന്‍ റോഡിന്റെ മധ്യഭാഗത്തേക്ക് വെട്ടിച്ചപ്പോഴാണ്  സ്‌കൂട്ടറിന് പിന്നില്‍  കണ്ടയ്‌നര്‍ ലോറി   തട്ടിയത്.   റോഡിലേയ്ക്ക് തെറിച്ച് വീണ ഹാഷിമിന്റെ ദേഹത്ത് കൂടി ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ഹാഷിം  മരിക്കുകയായിരുന്നു.  കഴിഞ്ഞ  ഒന്‍പതിനാണ്  പതിനൊന്നാം മെയില്‍ ജങ്ഷനില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ  അപകടം.  പ്രദേശത്ത് ഇപ്പോഴും ഭീതി മാറിയിട്ടില്ല. കഴിഞ്ഞ 18 ന് സിപിഐ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ മുന്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനും സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടേറിയേറ്റംഗവുമായ  പി ഇ നാരായണ്‍ജി പ്രൊവിഡന്‍സ് ജങ്ഷനുസമീപംഅപകടത്തില്‍ മരിച്ചിരുന്നു.
രണ്ടിടങ്ങളിലും  കെഎസ്ആര്‍ടിസി  ബസ് ഇടിച്ചായിരുന്നു അപകടം. അന്നുതന്നെ  തങ്കി കവലയില്‍  സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് 60 വയസ് തോന്നിക്കുന്നയാള്‍  മരിച്ചിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചയാളെ ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ആളെ തിരക്കി ഇതുവരെ ആരും എത്തിയിട്ടില്ല.  തങ്കി കവലയില്‍ വച്ചുതന്നെ ആഴ്ചകള്‍ക്ക് മുന്‍പ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനം  കുറുകെ എത്തിയ സൈക്കിള്‍ കാരനെ ഇടിച്ച് തെറുപ്പിച്ചത്. കുറച്ച് ദിവസം മുന്‍പായിരുന്നു ഡിജിപി ആര്‍ ശ്രീലേഖ  സഞ്ചരിച്ചിരുന്ന കാറില്‍ പെട്ടി ഓട്ടോ ഇടിച്ചത്.
രാത്രി കാലങ്ങളില്‍ ദേശീയപാതയില്‍  കാര്യക്ഷമമായി  പൊലീസ്  പട്രോളിങ്  നടത്തുകയും വലിയ വാഹനങ്ങള്‍ അനധികൃതമായി ചെയ്യുന്ന പാര്‍ക്കിങ്  നിരോധിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടങ്ങള്‍ കുറക്കാനാകും.

RELATED STORIES

Share it
Top