'ലോയയുടെ മരണം ഉന്നതാധികാര സമിതി അന്വേഷിക്കണം'

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബി ഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം സുപ്രിംകോടതി ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ അടക്കമുള്ളവരെ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്രമായൊരു അന്വേഷണം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.
സുപ്രിംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലു മുതിര്‍ന്ന ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ആരോപണവുമായ രംഗത്തുവന്നതിനു തൊട്ടുപിറകെയാണ് കേസില്‍ സ്വതന്ത്ര അന്വേഷണം എന്ന ആവശ്യവുമായി രാഹുല്‍ രംഗത്തെത്തിയത്.
ഇന്നലെ നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതില്‍ സംശയമില്ല. ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തിയ സംഭവങ്ങളും മാധ്യമങ്ങള്‍ക്കു വിതരണം ചെയ്ത കത്തുകളും അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top