ലോഫ്‌ളോര്‍ ബസ് സര്‍വീസ് കടുത്ത പ്രതിസന്ധിയില്‍

നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യതക്കുറവുമൂലം ലോഫ്‌ളോര്‍ ബസ്സുകള്‍ കട്ടപ്പുറത്ത്. കൊച്ചിയില്‍ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 30ഓളം ലോഫ്‌ളോര്‍ ബസ്സുകളാണ് കേടുപാടുകള്‍ പരിഹരിക്കാനാവാതെ കഴിഞ്ഞ ഒരുമാസമായി കൊച്ചിയിലെ ഡിപ്പോയിലുള്ളത്. സ്‌പെയര്‍പാര്‍ട്‌സ് വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ കമ്പനിക്ക് കോര്‍പറേഷന്‍ നല്‍കാനുള്ളത്. കുടിശ്ശിക തീര്‍ക്കാതെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ന ല്‍കേണ്ടെന്ന് ഈ കമ്പനി തീരുമാനമെടുത്തതോടെയാണ് ബസ്സുകള്‍ നിശ്ചലമായത്. പല ബസ്സുകള്‍ക്കും നിസ്സാര അറ്റകുറ്റപ്പണികളാണുള്ളത്. ഇതു വകവയ്ക്കാതെ സര്‍വീസ് നടത്തിയാല്‍ വീണ്ടും ഇരട്ടി പണിയാവുമെന്നതുകൊണ്ടാണ് ബസ്സുകള്‍ ഷെഡില്‍ കയറ്റിയത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്‌പെയര്‍പാര്‍ട്‌സുകള്‍ തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഒരു എസി ലോഫ്‌ളോര്‍ ബസ്് ഒരുദിവസം സര്‍വീസ് മുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം കുറഞ്ഞത് 24,000 രൂപയാണ്. ഈ കണക്കുപ്രകാരം കൊച്ചിയിലെ ലോഫ്‌ളോര്‍ ഡിപ്പോയില്‍ നിന്നു മാത്രം പ്രതിദിനം കോര്‍പറേഷന് നഷ്ടമാവുന്നത് ആറുലക്ഷത്തോളം രൂപയാണ്. ഒരു കോടി വിലവരുന്ന ബസ്സുകളാണ് ഇത്തരത്തില്‍ നിസ്സാര തകരാറുകള്‍ മൂലം തുരുമ്പെടുക്കുന്നത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്ന കോര്‍പറേഷന് അറ്റകുറ്റപ്പണികളുടെ ബാധ്യത കൂടി ഏറ്റെടുക്കാന്‍ സാധിക്കുകയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒരാഴ്ചയില്‍ മിനിമം രണ്ട് ബസ്സുകളാണ് ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ഇവിടെ ശേഷിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് ചില ബസ്സുകളുടെ കേടുപാടുകള്‍ പരിഹരിച്ചപ്പോഴാണ് കൂടുതല്‍ ബസ്സുകള്‍ പണിക്ക് കയറ്റിയിരിക്കുന്നത്. പല ബസ്സുകള്‍ക്കും കാലപ്പഴക്കമാണ് തിരിച്ചടി. റോഡിന്റെ ശോച്യാവസ്ഥയും ലോഫ്‌ളോര്‍ സര്‍വീസുകളെ പ്രതികൂലമായ ബാധിക്കുന്നുണ്ട്. ട്രിപ്പുകള്‍ വെട്ടിക്കുറച്ചതോടെ ജീവനക്കാരും ദുരിതത്തിലായി. 21 ജോലിക്കാരാണ് ഡിപ്പോ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നത്. സ്‌പെയര്‍പാര്‍ട്‌സുകള്‍ എത്താത്തതുമൂലം നിലവില്‍ കാര്യമായ ജോലി ഇവര്‍ക്കില്ല.
വോള്‍വോ ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വിസ്റ്റ കമ്പനിയില്‍ നിന്നാണ് കോര്‍പറേഷനു നല്‍കുന്നത്. നിലവില്‍ ഏകദേശം നാലുകോടിയോളം രൂപ ഈ ഇനത്തില്‍ കെയുആര്‍ടിസി നല്‍കാനുണ്ട്. ബസ്സുകള്‍ കൂട്ടത്തോടെ പണിക്ക് കയറ്റിയതോടെ സര്‍വീസുകളുടെയും താളം തെറ്റി. ലാഭത്തില്‍ ഓടിയിരുന്ന റൂട്ടുകളിലേക്കു പോലും കൃത്യമായി ബസ്സുകള്‍ എത്തിക്കാന്‍ കോര്‍പറേഷന് സാധിക്കുന്നില്ല. എത്രയും വേഗം സ്‌പെയര്‍പാര്‍ട്‌സുകള്‍ എത്തിച്ച് ബസ്സുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ എന്നന്നേക്കുമായി ലോഫ്‌ളോര്‍ ബസ്സുകള്‍ നിരത്തൊഴിയുന്നതിനും വൈകാതെ യാത്രക്കാര്‍ സാക്ഷിയാവേണ്ടിവരും.

RELATED STORIES

Share it
Top