ലോട്ടറി ഓഫിസറെ നായയെ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി

മലപ്പുറം: മലപ്പുറം ജില്ലാ ലോട്ടറി ഓഫിസിലെ ഉദ്യോഗസ്ഥനെ അയല്‍വാസി നായയെ വിട്ട് അക്രമിക്കുകയും തലയ്ക്ക് അടിച്ചുപരിക്കേല്‍പിക്കുകയും ചെയ്തതായി പോലിസില്‍ പരാതി.
ലോട്ടറി ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് ചേര്‍ത്തല സ്വദേശി ബെന്‍സി ജോസഫാണ്  മുന്‍മന്ത്രിയും എംപിയുമായ നേതാവിന്റെ മുന്‍ ഡ്രൈവറുടെ മകനെതിരേ പരാതി നല്‍കിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം.
രണ്ടു മാസം മുമ്പ് മലപ്പുറത്തേക്ക് സ്ഥലം മാറിയെത്തിയ ബെന്‍സി ജോസഫ് എസ്പി ഓഫിസിനു സമീപമുള്ള വീട്ടിലാണ് കുടുംബ സമേതം താമസം. രാത്രി എസ്പി ഓഫിസിനു മുന്നില്‍വച്ച് റോഡരികില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നപ്പോള്‍ നായയുമായി എത്തിയ യുവാവ് വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു. വണ്ടിയുടെ നമ്പര്‍ നോക്കി ആലപ്പുഴക്കാര്‍ ഇവിടെ എന്തിനു വന്നതാണെന്നും അസമയത്ത് ആരോടാണ് ഫോണില്‍ സംസാരിക്കുന്നതെന്നും കയര്‍ക്കുകയും കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലിസുകാരനല്ലെന്ന് ബോധ്യമായപ്പോള്‍ കാറിന്റെ താക്കോല്‍ തിരികെ തരണമെന്നും താന്‍ ജൂനിയര്‍ ലോട്ടറി ഓഫിസിലെ സൂപ്രണ്ടാണെന്ന് പറയുകയും ചെയ്തു. ഇത് കേട്ടതോടെ പ്രകോപിതനായ യുവാവ് നായയെ ദേഹത്ത് കയറ്റി അക്രമിപ്പിക്കുകയും തലയ്ക്ക് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയ എസ്പി ഓഫിസിലെ പോലിസുകാരാണ് ബെന്‍സി ജോസഫിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ മലപ്പുറം ഗവ.ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജോസഫിന്റെ കഴുത്തിലും കൈകളിലും നായ അക്രമിച്ചതിന്റെ പാടുണ്ട്.
കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിയായ യുവാവിന് ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്ന ആക്ഷേപവുമുണ്ട്.

RELATED STORIES

Share it
Top