'ലോട്ടറിയെ തകര്‍ക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം'ആലപ്പുഴ: ലോട്ടറിയെ തകര്‍ക്കുന്ന നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍.കേരള ലോട്ടറി സംരക്ഷണ സമിതി മാര്‍ച്ച് രണ്ടിന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് ആലപ്പുഴയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ലോട്ടറി നിയമത്തില്‍ ഭേദഗതി വരുത്തി അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം നിരോധിക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍കണം. ജിഎസ്ടിയില്‍ നിന്ന് കേരള ലോട്ടറിയെ ഒഴിവാക്കണം. ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്തിയാല്‍ പാവപ്പെട്ട ഏജന്റുമാരുടെ കഞ്ഞികുടി മുട്ടും. കാരുണ്യ ചികില്‍സാ പദ്ധതി നിര്‍ത്തലാക്കുമെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കാരുണ്യ പദ്ധതി വിപുലമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ധനമനന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കാരുണ്യ പദ്ധതി വഴി 750 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ എട്ടുമാസം കൊണ്ട് 359 കോടി രൂപയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും ജയരാജന്‍ ക്യാപ്ടനായ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി. ആലപ്പുഴയില്‍ നടന്ന സ്വീകരണം ഡിസിസി ജനറല്‍ സെക്രട്ടറി ഡി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ അനില്‍കുമാര്‍, ഫിലിപ്പ് ജോസഫ്, ബി എ ജയനാഥന്‍, പി എച്ച് ഹരിലാല്‍, എം എം നിസാര്‍, ടി വി ശാന്തപ്പന്‍, എം എം ഷെരീഫ്, ഡി പ്രകാശന്‍ സംസാരിച്ചു .

RELATED STORIES

Share it
Top