ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഹൃദയ് ഹസാരികയ്ക്ക് സ്വര്‍ണം


ഷാങ്‌വോണ്‍ (ദക്ഷിണ കൊറിയ):ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ബാലതാരങ്ങളിലൂടെ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. ഇന്നലെ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ വിഭാഗത്തില്‍ 16 കാരന്‍ ഹൃദയ് ഹസാരികയാണ് ഇന്ത്യയ്ക്ക് ഒരു പൊന്‍ തിളക്കം കൂടി സമ്മാനിച്ചത്. ഫൈനലില്‍ ഇറാന്റെ 20കാരനായ ആമിര്‍ മുഹമ്മദ് നെകൗനുമായുള്ള ഷൂട്ട് ഓഫിലാണ് താരം സ്വര്‍ണം അക്കൗണ്ടിലാക്കിയത്. ഷൂട്ട് ഓഫില്‍ ഹസാരിക 1.3 പോയിന്റ് എടുത്തപ്പോള്‍ ഇറാന്‍ താരത്തിന് 1.2 പോയിന്റ് സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. 250.1 പോയിന്റോടെ ഒന്നാമതെത്തിയ ഹസാരികയ്ക്ക് 0.1 പോയിന്റ് വ്യത്യാസത്തിലാണ് ഈ ഇനത്തിലെ ലോക റെക്കോഡ് നഷ്ടമായത്.മുഹമ്മദ് നെകൗന്‍ വെള്ളിയും 228.6 പോയിന്റ് നേടിയ റഷ്യയുടെ ഗ്രിഗറി ഷമകോവ് വെങ്കലവും സ്വന്തമാക്കി. 627.3 പോയിന്റോടെയാണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതേ ഇനത്തില്‍ ജൂനിയര്‍ വനിതകളുടെ ഗ്രൂപ്പ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടി. എലവേനില്‍ വലരിവന്‍, ശ്രേയ അഗര്‍വാള്‍, മാനിനി കൗശിക് എന്നിവരാണ് ടീം ഇനത്തില്‍ സ്വര്‍ണം വെടിവച്ചിട്ടത്. ഇവര്‍ നേടിയ 1880.7 പോയിന്റുകള്‍ ഈയിനത്തിലെ ലോകറെക്കോഡാണ്.

RELATED STORIES

Share it
Top