ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണം

മലപ്പുറം: ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് 18ന് മലപ്പുറത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിളംബര ജാഥ, ഉദ്ഘാടന സമ്മേളനം, ഓപണ്‍ഫോറം, നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി  ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത്മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിഎച്ച് ജമീല, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുന്നത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് കെ വി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും.    വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവര്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ പരിചയപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികള്‍ നടത്തിവരുന്നു.  ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളില്‍ വകുപ്പിന്റെ സഹായത്തോടെ സായംപ്രഭാ ഹോമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതില്‍ ഒരു ഹോം ആധുനിക സൗകര്യങ്ങളോട് കൂടിയ റിസോഴ്‌സ് സെന്ററാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വയോജനങ്ങള്‍ക്ക് ഒത്തുചേരാനുള്ള സൗകര്യം, വിനോദ പ്രവര്‍ത്തനങ്ങള്‍, യോഗ വ്യായാമ അഭ്യസനം, വൈദ്യ പരിശോധന, ചികില്‍സ, മാനസിക ആരോഗ്യ സേവനങ്ങള്‍ എന്നിവ സായംപ്രഭാ ഹോമുകളില്‍ ലഭ്യമാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗകര്യമായി കൃത്രിമ ദന്തനിര നല്‍കുന്ന മന്ദഹാസം പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നു.  പദ്ധതി ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

RELATED STORIES

Share it
Top