ലോക പരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം : മരങ്ങള്‍ നടുന്നതിനൊപ്പം പരിപാലിക്കാനും ശ്രദ്ധിക്കണംതിരുവനന്തപുരം: മരങ്ങള്‍ നടുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നു ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ഥികളും പങ്കാളികളാവണം. ഔഷധഗുണമുള്ള ചെടികള്‍, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ ആദ്യം ചെയ്തത് രാജ്ഭവനില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുകയാണ്. കോര്‍പറേഷന്‍ നല്ല വെള്ളം തരുന്നുണ്ട്. അപ്പോള്‍ മിനറല്‍ വാട്ടറിന്റെ ആവശ്യമില്ലെന്നു നിര്‍ദേശിച്ചു. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ചായ നല്‍കാന്‍ സ്റ്റീല്‍ ഗ്ലാസുകളും വാങ്ങി. വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ തയ്യാറാവണം. റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ വരാറുണ്ട്. ഈ അവസരങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കനകക്കുന്ന് വളപ്പില്‍ ഗവര്‍ണര്‍ ഇലഞ്ഞിത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. സുഗതകുമാരിക്കുള്ള പുരസ്‌കാരം ഗവര്‍ണറില്‍ നിന്ന് മകള്‍ ലക്ഷ്മീദേവി ഏറ്റുവാങ്ങി. സി കെ കരുണാകരന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്‌റ്റേഴ്‌സ് എന്നിവര്‍ക്കും ഗവര്‍ണര്‍ പുരസ്‌കാരം നല്‍കി. യൂക്കാലി, അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന് വനംവകുപ്പിനു നിര്‍ദേശം നല്‍കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനം മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഇനി മുതല്‍ വനംവകുപ്പ് ഇത്തരം തൈകള്‍ വിതരണം ചെയ്യില്ല. മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എസ് സി ജോഷി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം ഡയറക്ടര്‍ പത്മ മൊഹന്തി പങ്കെടുത്തു.

RELATED STORIES

Share it
Top