ലോക തപാല്‍ ദിനം ഇന്ന്

ലോക തപാല്‍ ദിനം. 1969ല്‍ ടോക്കിയോയില്‍ ചേര്‍ന്ന യൂനിവേഴ്‌സല്‍ പോസ്റ്റല്‍ യൂനിയന്‍ കോണ്‍ഗ്രസ്സാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. പുരാതന കാലം മുതല്‍ക്കു തന്നെ സന്ദേശങ്ങള്‍ അകലെയുള്ളവര്‍ക്ക് എത്തിക്കാന്‍ പല സംവിധാനങ്ങളും ഉണ്ടായിരുന്നു. മേഘസന്ദേശം കവിഭാവന. എന്നാല്‍, പ്രാവുകളെ ഉപയോഗിച്ചു സന്ദേശമയക്കുന്ന 'പീജിയന്‍ പോസ്റ്റ്' പണ്ടേയുണ്ട്. ദൂതന്‍മാരെ അയക്കുന്നത് മറ്റൊരു രീതി. 19ാം നൂറ്റാണ്ടില്‍ ആധുനിക തപാല്‍ സമ്പ്രദായവും തപാല്‍മുദ്രയും ആവിര്‍ഭവിച്ചതോടെ അതെല്ലാം അവസാനിച്ചെങ്കിലും പ്രാവുകളെ ഉപയോഗിച്ചുള്ള തപാല്‍സമ്പ്രദായം ഇപ്പോഴുമുണ്ട്.
ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ആധുനികവല്‍ക്കരിക്കപ്പെട്ട തപാല്‍ സമ്പ്രദായം ആരംഭിച്ചത്. കമ്പനി ചൗക്ക് എന്നായിരുന്നു അന്ന് തപാലാപ്പീസിന്റെ പേര്. മലയാളത്തില്‍ അഞ്ചലാപ്പീസ് എന്നറിയപ്പെട്ടു. തപാലുരുപ്പടികള്‍ തോല്‍സഞ്ചിയിലാക്കി മണികെട്ടിയ ലോഹവടിയുമായി ഓടിക്കൊണ്ടിരിക്കുന്ന അഞ്ചല്‍ക്കാരന്‍ പഴമക്കാരുടെ ഓര്‍മയിലുണ്ട്. പില്‍ക്കാലത്ത് തപാലിനൊപ്പം കമ്പിത്തപാലും വന്നു; പിന്നീടത് ഇല്ലാതായി. ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ തപാലിന് പ്രാമുഖ്യം കുറഞ്ഞുവരുകയാണ്. എങ്കിലും ഗ്രാമീണമേഖലയില്‍ ഇപ്പോഴും തപാലിനു തന്നെയാണു സ്ഥാനം.

RELATED STORIES

Share it
Top