ലോക കപ്പ് : ഖത്തര്‍ സായുധ സേന ലഹള നിയന്ത്രണ പരിശീലനം പൂര്‍ത്തിയാക്കിദോഹ: 2022 ലോക കപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ എങ്ങിനെ സുഗമമായി കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ച് ഖത്തര്‍ സുരക്ഷാ സേന പരിശീലനം നടത്തുന്നു. ഇതിന്റെ ഭാഗമായി സായുധ സേനയും മിലിറ്ററി പോലിസും ആദ്യ റയട്ട് കണ്‍ട്രോള്‍(ലഹള നിയന്ത്രണം) യൂണിറ്റിന്റെ പരിശീലനം പൂര്‍ത്തിയാക്കി. ജനക്കൂട്ടത്തെ നിന്ത്രിക്കുക, സ്റ്റേഡിയം സുരക്ഷ, ലഹളകള്‍ എങ്ങിനെ കൈകാര്യം ചെയ്യാം എന്നിവയാണ് നാല് മാസം നീണ്ട കോഴ്‌സില്‍ ഉള്‍പ്പെടുത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മിലിറ്ററി പോലിസ് സ്‌കൂളിലാണ് പരിശീലനം നടന്നത്. അമീരി ലാന്റ് ഫോഴ്‌സസ് കമാന്‍ഡ്, മിലിറ്ററി പോലിസ് കമാന്‍ഡര്‍മാര്‍, ജോയിന്റ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ഗ്രൂപ്പിലെ അംഗങ്ങള്‍, അമീരി ബോര്‍ഡര്‍ കമാന്‍ഡ് തുടങ്ങിവയാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആരാണ് പരിശീലനം നല്‍കുന്നതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ പോലിസ് സേനയുമായി ചേര്‍ന്ന് ഖത്തര്‍ പരിശീലനം നടത്തിയിരുന്നു. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനും ടൂര്‍ണമെന്റുകളോടനുബന്ധിച്ച തിരക്ക് കൈകാര്യം ചെയ്യുന്നതിനുമുള്ള മികച്ച പരിശീലനമാണ് സുരക്ഷാസേന നേടിയത്. ലഹളയെ കര്‍ശനമായി നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ നിലവില്‍ ഖത്തറിനുണ്ട്. 2014ല്‍ ഷെറാട്ടണ്‍ ഹോട്ടലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മാണ തൊഴിലാളികളും സുരക്ഷാ ഗാര്‍ഡുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ നാല് ബസ്സ് നിറയെ റയട്ട് കണ്‍ട്രോള്‍ സേനയാണ് സ്ഥലത്ത് കുതിച്ചെത്തിയത്. ഖത്തറില്‍ പൊതുവേ പ്രതിഷേധ സമരങ്ങള്‍ കുറവാണെങ്കിലും പ്രവാസി തൊഴിലാളികളുടെ വന്‍തോതിലുള്ള സാന്നിധ്യം കണക്കിലെടുത്ത് ചെറിയ പ്രശ്‌നങ്ങള്‍ പോലും വളരെ ഗൗരവമായി തന്നെ ഗവണ്‍മെന്റ് കൈകാര്യം ചെയ്യാറുണ്ട്.

RELATED STORIES

Share it
Top