ലോക്‌സഭ: രാഹുലിനെ അഭിനന്ദിച്ച് ശിവസേന

മുംബൈ: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന. അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും പ്രതിപക്ഷത്തെ പ്രശംസിക്കുന്ന തരത്തിലാണ് വാര്‍ത്ത. അവിശ്വാസപ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞെങ്കിലും ഹൃദയംകൊണ്ട് ജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നു സാമ്‌നയുടെ റിപോര്‍ട്ടില്‍ പറയുന്നു. ബെഞ്ചില്‍ നിന്ന് ഇറങ്ങിവന്നു പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപ്പിടിക്കുന്ന ചിത്രമടക്കം വലിയ വാര്‍ത്തയാണ് സാമ്‌ന നല്‍കിയത്. ഇതാദ്യമായാണ് കോ ണ്‍ഗ്രസ്സിനെയും രാഹുലിനെയും പിന്തുണച്ചുകൊണ്ട് പത്രം ഇത്ര വലിയ വാര്‍ത്ത നല്‍കുന്നത്. ലോക്‌സഭയിലെ രാഹുലിന്റെ പ്രസംഗം തെളിയിക്കുന്നത് അദ്ദേഹം യഥാര്‍ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നു ബിരുദം നേടിക്കഴിഞ്ഞുവെന്നാണെന്നു കഴിഞ്ഞ ദിവസം സാമ്‌നയുടെ അസോസിയേറ്റ് എഡിറ്റര്‍ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

RELATED STORIES

Share it
Top