ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിഹാറില്‍ പ്രതിപക്ഷ മഴവില്‍ സഖ്യമൊരുങ്ങുന്നു

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ തോല്‍പിക്കാന്‍ ബിഹാറില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ മഴവില്‍സഖ്യം ഒരുങ്ങുന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച (എച്ച്എഎം), ഇടതുകക്ഷികള്‍, ശരത് യാദവിന്റെ പാര്‍ട്ടി എന്നിവയടങ്ങിയ മഹാസഖ്യത്തിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഈ സീറ്റുകള്‍ പാര്‍ട്ടികളുടെ ശക്തിക്കനുസരിച്ച് വീതിച്ച് ഐക്യം ഊട്ടിയുറപ്പിക്കാനാണ് നീക്കം. സഖ്യകക്ഷികള്‍ തമ്മില്‍ സീറ്റ്‌വിഭജന ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് ആര്‍ജെഡി, കോണ്‍ഗ്രസ്, എച്ച്എഎം നേതാക്കള്‍ അറിയിച്ചു. എച്ച്എഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്‌വാന്‍ പറഞ്ഞു. ഈ മാസം 12ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായി പട്‌നയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രാഹുലിനെ നിരവധി തവണ കണ്ടു.
ഇപ്പോള്‍ എന്‍ഡിഎ ഘടകകക്ഷിയായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) മഴവില്‍സഖ്യത്തില്‍ ചേരാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. സഖ്യത്തില്‍ ചേരാനുള്ള തേജസ്വിയുടെ ക്ഷണത്തോട് കുശ്‌വാഹ് പ്രതികരിച്ചിട്ടില്ലെങ്കിലും അന്തിമമായി അദ്ദേഹം മഴവില്‍സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് സഖ്യവൃത്തങ്ങള്‍ പറയുന്നത്.
ഇപ്പോഴത്തെ സൂചനയ—നുസരിച്ച് 40 സീറ്റില്‍ 20 എണ്ണത്തില്‍ ആര്‍ജെഡി മല്‍സരിക്കും. കോണ്‍ഗ്രസ്സിന് പത്തും എച്ച്എഎമ്മിനും ആര്‍എല്‍—എസ്പിക്കും നാലു വീതം സീറ്റുകളും ലഭിക്കും. എന്‍സിപിക്കും ഇടതുകക്ഷികള്‍ക്കുമായി രണ്ടു സീറ്റുകളും. ശരത് യാദവ് തന്റെ മകനെ ആര്‍ജെഡി ടിക്കറ്റില്‍ മധേപുരയില്‍ നിന്ന് മല്‍സരിപ്പിക്കുമെന്നാണ് സൂചന. രാഷ്ട്രീയാടിത്തറ വിപുലമായതിനാല്‍ തങ്ങള്‍ക്ക് 12ലേറെ സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ആര്‍ജെഡി ഇത് വകവച്ചുകൊടുത്തിട്ടില്ല. ബെഗുസരായി മണ്ഡലത്തില്‍ ഇടതുപക്ഷം ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മല്‍സരിപ്പിച്ചേക്കും. എന്‍സിപി സ്ഥാനാര്‍ഥിയായി താരീഖ് അന്‍വര്‍ കടിഹാര്‍ മണ്ഡലത്തിലും മല്‍സരിക്കാനാണ് സാധ്യത. സീറ്റ്‌വിഭജനം രമ്യമായി അവസാനിക്കുമെന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
അതേസമയം, എന്‍ഡിഎയില്‍ സീറ്റ്‌വിഭജനം അത്ര ലളിതമല്ല. ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയു എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന് തിട്ടമില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിതീഷുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

RELATED STORIES

Share it
Top