ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാം മുന്നണി വേണമെന്നു ദേവഗൗഡ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സന്നിഹിതരായിരുന്ന ആറു ബിജെപി ഇതര പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനത്തും ഒന്നിച്ചു മല്‍സരിക്കാനിടയില്ലെന്നു ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. ലോക്‌സഭാ തിരഞ്ഞെടുപ്പു വൈകാതെ ഉണ്ടാവുമെന്ന സൂചനയുള്ളതു കൊണ്ട് ബിജെപിയെ നേരിടാന്‍ എത്രയും വേഗം മൂന്നാംമുന്നണി രൂപീകരിക്കുന്നതിലാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ നിസ്സാര പ്രശ്‌നങ്ങളുണ്ടെങ്കിലും ജെഡിഎസ് കോണ്‍ഗ്രസ്സുമായി ചേര്‍ന്നു മല്‍സരിക്കും. ഉത്തര്‍പ്രദേശില്‍ 40 സീറ്റുകളില്‍ വീതം മല്‍സരിക്കുന്ന കാര്യം എസ്പിയും ബിഎസ്പിയും ചര്‍ച്ച ചെയ്യുന്നുണ്ട്- അദ്ദേഹം പറഞ്ഞു. കുമാരസ്വാമി സര്‍ക്കാര്‍ ഒരു വര്‍ഷം മാത്രമേ നിലനില്‍ക്കൂവെന്നാണു താന്‍ കരുതുന്നതെന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായത്തോട് ഗൗഡ പ്രതികരിച്ചില്ല. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ആംആദ്മി, സിപിഎം, ടിഡിപി കക്ഷികളുടെ നേതാക്കളും പങ്കെടുത്തിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് കോണ്‍ഗ്രസ്സും ജെഡിഎസ്സും ചര്‍ച്ച തുടങ്ങിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് 18 സീറ്റിലും ജെഡിഎസ് 10 സീറ്റിലും മല്‍സരിക്കുമെന്ന അഭ്യൂഹമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top