ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാവും

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍നിന്നു സിപിഐ ചിഹ്നത്തിലായിരിക്കും കനയ്യകുമാര്‍ മല്‍സരിക്കുക.
സംസ്ഥാനത്തെ എല്ലാ ഇടതു നേതാക്കളും കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍െപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടക്കുന്നുണ്ട്.
ആര്‍ജെഡി, എന്‍സിപി, എച്ച്എഎംഎസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ കക്ഷികളുമായും സംയുക്ത പ്രതിപക്ഷ ഐക്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തത്വത്തില്‍ അംഗീകാരം നല്‍കി പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സത്യനാരായണന്‍ സിങ് പറഞ്ഞു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസരായ് മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ബോലാസിങ് പരാജയപ്പെടുത്തിയത്. എന്നാല്‍, സിപിഐ സ്ഥാനാര്‍ഥി ഏകദേശം 1,92,000 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു.
ഇപ്പോള്‍ സംയുക്ത പ്രതിപക്ഷ നീക്കത്തിന്റെ ഭാഗമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ്, ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം എന്നിവര്‍ ബെഗുസാരായ് മണ്ഡലം കനയ്യകുമാറിനായി വിട്ടുകൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും സത്യനാരായണന്‍ സിങ് പറഞ്ഞു.

RELATED STORIES

Share it
Top