ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടും : റാണെപനാജി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി തുടച്ചുനീക്കപ്പെടുമെന്ന് ഗോവാ മന്ത്രി വിശ്വജിത് റാണെ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് റാണെ. വാല്‍പോയി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ റാണെ മല്‍സരിക്കുന്നത് തടയണമെന്നഭ്യര്‍ഥിച്ച് ബോംബെ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഹരജി സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റാണെ കോണ്‍ഗ്രസ്സിനെതിരേ തിരിഞ്ഞത്. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള റാണെ ഫെബ്രുവരിയിലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. മാര്‍ച്ച് 16ന് എംഎല്‍എ സ്ഥാനം രാജിവച്ച് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായി. താന്‍ കൂറുമാറിയതല്ലെന്നും പകരം രാജിവച്ച് പുതിയൊരു ജനവിധി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് തനിക്കെതിരേ സംസാരിച്ച് വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുകയാണെന്നും റാണെ കൂട്ടിച്ചേര്‍ത്തു. അതേസമയം, റാണെയെ നിയമസഭയിലേക്ക് മല്‍സരിക്കുന്നതില്‍ നിന്നു തടയണമെന്ന ഹരജി ഫയല്‍ ചെയ്ത കോണ്‍ഗ്രസിനെതിരേ ബിജെപി രംഗത്തുവന്നിട്ടുണ്ട്. വാല്‍പോയ് മണ്ഡലത്തില്‍ പരാജയം മുന്‍കൂട്ടി മനസ്സിലാക്കിയതുകൊണ്ടാണ് കോണ്‍ഗ്രസ് റാണെക്കെതിരേ കോടതിയില്‍ ഹരജി നല്‍കിയതെന്ന് ബിജെപി ഗോവ ഘടകം ജനറല്‍ സെക്രട്ടറി സദാനന്ദ തനവാഡെ പറഞ്ഞു.

RELATED STORIES

Share it
Top