ലോക്പാല്‍: മുകുള്‍ റോഹത്ഗിയെ നിയമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ സംവിധാനമായ ലോക്പാല്‍ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോഹത്ഗിയെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ നിയമവിദഗ്ധന്‍ (എമിനന്റ് ജൂറിസ്റ്റ്) എന്ന നിലയിലാണ് മുകുള്‍ റോഹത്ഗിയെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയത്.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ലോക്പാല്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ലോക്പാല്‍ നിയമനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരേ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചുകൊണ്ടാണ് അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ 17ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. പി പി റാവുവിന്റെ മരണത്തിനുശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ലോക്പാല്‍ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി ജൂലൈ 2ലേക്കു മാറ്റി.

RELATED STORIES

Share it
Top