ലോക്പാല്‍ നിയമനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ലോക്പാല്‍ നിയമനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരേ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചുകൊണ്ടാണ് അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതിയിലേക്കുള്ള നിയമവിദഗ്ധനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി ഏപ്രില്‍ 10നു യോഗം ചേര്‍ന്നിരുന്നു.
നിയമവിദഗ്ധന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ഉടന്‍ സമിതി യോഗംചേര്‍ന്ന് ലോക്പാലിനെ നിയമിക്കുമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.പ്രമുഖ ന്യായാധിപനെ എപ്പോള്‍ നിയമിക്കും എന്ന വല്ല സൂചനയുമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് എത്രയും നേരത്തെ എന്നായിരുന്നു കെ കെ വേണുഗോപാലിന്റെ മറുപടി.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന് ലോക്പാലിനെ നിയമിക്കാന്‍ താല്‍പര്യമില്ല എന്നതാണ് ഈ മറുപടിയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഈ നിയമം നാലു വര്‍ഷത്തില്‍ അധികം പഴക്കമുള്ളതാണ്. സുപ്രിംകോടതി ഉത്തരവിട്ടിട്ട് ഒരു വര്‍ഷം സര്‍ക്കാര്‍ പാഴാക്കിയെന്നും തങ്ങള്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് യോഗം വരെ വിളിച്ചതെന്നും ഭൂഷണ്‍ വ്യക്തമാക്കി. ഇതോടെ, നാല് ആഴ്ചകൊണ്ട് അവര്‍ എന്താണ് ചെയ്യുക എന്നു നമുക്ക് നോക്കാം എന്നു പറഞ്ഞുകൊണ്ട് കോടതി കേസ് അടുത്ത മാസം 15ലേക്കു മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top