ലോക്പാല്‍ നിയമനം ഇനിയും വൈകരുത്‌കേന്ദ്രത്തില്‍ ലോക്പാല്‍ നിയമനം വൈകിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുന്നു. ലോക്പാല്‍ നിയമത്തിന് അംഗീകാരം നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിന് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയും സാമൂഹിക പ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിക്കവെയാണ് നിയമനം വൈകിക്കുന്നതിന് ന്യായീകരണമില്ലെന്നും ഉടനെ വേണമെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പൊതു അധികാരതലങ്ങളിലുള്ളവരുടെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് അധികാരമുള്ള സ്ഥാപനമാണ് ലോക്പാല്‍. സുപ്രിംകോടതിയും തിരഞ്ഞെടുപ്പു കമ്മീഷനും പോലെ സ്വതന്ത്രമായ അസ്തിത്വമാണ് ലോക്പാലിനുള്ളത്. ഭരണസംവിധാനത്തില്‍ പൊതുജനങ്ങളുടെ വിശ്വാസം ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ് ലോക്പാലിന്റെ ഉദ്ദേശ്യം.സര്‍ക്കാര്‍തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ 60കളില്‍ കേന്ദ്ര നിയമമന്ത്രിയായിരുന്ന എ കെ സെന്‍ ആണ് ഭരണഘടനാപരമായ ഓംബുഡ്‌സ്മാന്‍ എന്ന സങ്കല്‍പം ആവിഷ്‌കരിച്ചത്. പ്രഥമ ജന ലോക്പാല്‍ ബില്ലിന് ലോക്‌സഭ 1968ല്‍ അംഗീകാരം നല്‍കിയെങ്കിലും രാജ്യസഭയില്‍ പാസായില്ല. പലതവണ ബില്ല് അവതരിപ്പിച്ചുവെങ്കിലും അഭിപ്രായസമന്വയമില്ലാത്തത് കാരണം ബില്ല് പാസായില്ല. 2013 ഡിസംബറിലാണ് ലോക്പാല്‍ ആന്റ് ലോകായുക്ത ബില്ല് പാസായത്. 2014ല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ലോക്പാല്‍ നിയമത്തില്‍ ധാരാളം പഴുതുകളുണ്ടെന്നും അത് ഒഴിവാക്കുന്നതിന് വിവിധ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ടെന്നും അതിനുശേഷം മാത്രമേ ലോക്പാല്‍ നിയമനം നടത്താനാവൂ എന്നുമാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ വാദിച്ചത്. പ്രതിപക്ഷനേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ സമിതിയിലെ അഞ്ചാം അംഗത്തെ കണ്ടെത്തിയിട്ടില്ലെന്നും അറിയിച്ചു. ഇത് നിരാകരിച്ചാണ് നിലവിലുള്ള ലോക്പാല്‍ വ്യവസ്ഥ പ്രായോഗികമാണെന്നും അതേപോലെ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചത്. വരാനുള്ള ഭേദഗതിയുടെ പേരില്‍ ലോക്പാല്‍ നിയമനം വൈകിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിര്‍മാര്‍ജനത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ക്കു കുറവില്ലെങ്കിലും ലോക്പാല്‍-ലോകായുക്ത സംവിധാനത്തോടുള്ള നരേന്ദ്ര മോദിയുടെ അലര്‍ജി ആര്‍ക്കും അറിയാത്തതല്ല. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി പത്തുവര്‍ഷത്തോളം ലോകായുക്തയെ നിയമിച്ചിരുന്നില്ല. സുപ്രിംകോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും, സര്‍ക്കാര്‍ താല്‍പര്യപ്രകാരമുള്ള ഭേദഗതികള്‍ക്കുശേഷം മാത്രമാണ് ലോകായുക്ത നിയമിതനായത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി നരേന്ദ്ര മോദി മറികടക്കുകയാണ്. ലോക്പാല്‍ നിലവില്‍ വന്നാല്‍ പരാതികള്‍ സമര്‍പ്പിച്ച് അന്വേഷണത്തിന് വഴിയൊരുങ്ങുമെന്നതാണ് ഭരണകൂടം ഭയപ്പെടുന്നത്.

RELATED STORIES

Share it
Top