ലോക്കപ്പ് മരണം: ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു

സംബല്‍പൂര്‍(ഒഡീഷ): ഗോത്രവര്‍ഗക്കാരനായ യുവാവ് ലോക്കപ്പില്‍ മരിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ഐന്തപാലി സ്റ്റേഷനാണ് ജനക്കൂട്ടം ആക്രമിച്ചത്. മോഷണം നടത്തിയെന്നാരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത ഗോത്രവര്‍ഗക്കാരനായ അവിനാഷ് മുണ്ട(22) എന്ന യുവാവിനെയാണ് ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് മര്‍ദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാരോപിച്ച് രംഗത്തെത്തിയ കുടുംബം ആദ്യം റോഡ് ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് കുടുംബത്തിന് പിന്തുണയുമായെത്തിയ ജനക്കൂട്ടമാണ് സ്റ്റേഷന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി പോലിസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രധാനപ്പെട്ട നിരവധി രേഖകള്‍ കത്തിനശിച്ചു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. അതേസമയം യുവാവിന്റെ മരണം കൊലപാതകമല്ലെന്നും യുവാവ് ബെഡ്ഷീറ്റുപയോഗിച്ച് ലോക്കപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും ഡിജിപി ആര്‍ പി ശര്‍മ പറഞ്ഞു. സംഭവത്തില്‍ നിരുത്തരവാദപരമായി പെരുമാറിയ മൂന്നു പോലിസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും 24 മണക്കൂറിനകം വിശദ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

RELATED STORIES

Share it
Top