ലോക്കപ്പില്‍നിന്നു രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ടെത്താനായില്ല

അരീക്കോട്: മയക്കുമരുന്ന് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഞായറാഴ്ച അരീക്കോട് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയ കേസിലെ  പ്രതിയാണ് രക്ഷപ്പെട്ടത്. കൊല്‍കത്ത ഹസ്‌നാബാദ് ബയ്‌ലാനി ബിസ്പൂര്‍ മുഹമ്മദ് റസല്‍ (20) തിങ്കളാഴ്ച പുലര്‍ച്ചെ അരീക്കോട് പോലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. പ്രതി ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തെകുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയാണ്. സംഭവ ദിവസം തന്നെ പോലിസ് സംഘം പ്രതി എത്തിപ്പെടാന്‍ സാധ്യതയുള്ള മേഖലകളില്‍ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചന ലഭ്യമായിട്ടില്ല. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് നല്‍കുന്ന പ്രധാനിയായിരുന്നു മുഹമ്മദ് റസല്‍. മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഗുളികകളാണ് ലഹരി വസ്തുവായി വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്. സംസ്ഥാനത്ത് ലഹരി മരുന്നുകള്‍ വില്‍ക്കുന്ന പ്രധാനകണ്ണികളിലേക്കുള്ള സൂചനയാണ് പ്രതി രക്ഷപ്പെട്ടതിലൂടെ നഷ്ടമായത്. ഇത്തരം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പോലിസ് ഈ കേസില്‍ പാലിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. പോലിസ് സ്റ്റേഷനിലെ സിസിടിവി കാമറ പ്രവര്‍ത്തന രഹിതമായതിലും ദുരൂഹതയുണ്ട്. ലോക്കപ്പിലെ സുരക്ഷയുടെ കുറവാണ് പ്രതിക്ക് രക്ഷപ്പെടാന്‍ സഹായകമായത്. പ്രതിക്കായി പലയിടങ്ങളിലും അന്വേഷണം തുടരുന്നുണ്ടെങ്കിലും കൃത്യമായ സൂചനകള്‍ പോലിസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, പ്രതി ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി ഉണ്ടാവുമെന്ന് മഞ്ചേരി സിഐ എന്‍ ബി ഷൈജു പറഞ്ഞു.

RELATED STORIES

Share it
Top