ലോകായുക്ത നിയമനം സുതാര്യമാവണം

എനിക്ക് തോന്നുന്നത് - മുണ്ടേല  പി  ബഷീര്‍,  തിരുവനന്തപുരം
അധികാര നിര്‍വഹണത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണിന്ന് സ്വജനപക്ഷപാതവും അഴിമതിയും. അഴിമതി ആരോപണങ്ങള്‍ നിയമസഭയ്ക്കുള്ളിലും വാര്‍ത്താ മാധ്യമങ്ങളിലും നിരന്തരം ഉയരുന്നു. എന്നാല്‍, അഴിമതിക്കാരെ തെളിവുകളുടെ വെളിച്ചത്തില്‍ ശിക്ഷിക്കാന്‍ കഴിയുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അഴിമതി നിരോധന അന്വേഷണ കമ്മീഷന്‍ നിലവില്‍ വന്നത്. കമ്മീഷന്റെ പ്രവര്‍ത്തനം വേണ്ടത്ര ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് ലോകായുക്ത നിയമം നടപ്പായത്. അഴിമതി തടയുന്നതിന് ശക്തമായ ഉപകരണമാണ് ലോകായുക്ത.
ഇതിന്റെ ഘടന ഒരു ലോകായുക്ത, രണ്ട് ഉപലോകായുക്ത എന്നതാണ്. ഇവരുടെ നിയമനത്തില്‍ യാതൊരു സുതാര്യതയുമില്ല. ലോകായുക്ത, ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ പദവിയുള്ള വ്യക്തി ആയിരിക്കണം. സര്‍വീസിലുള്ളയാള്‍, വിരമിച്ചയാള്‍. ഉപലോകായുക്തകള്‍ ഹൈക്കോടതി ജഡ്ജിമാരായിരിക്കണം. ഇവിടെയും സര്‍വീസിലുള്ളയാളും വിരമിച്ചയാളും. ഇവരില്‍ ഒരാളെ മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. മറ്റ് രണ്ടംഗങ്ങള്‍ അംഗീകരിക്കുന്നു. ഇത് ഗവര്‍ണര്‍ക്ക് അയക്കുന്നു. ഗവര്‍ണറുടെ അംഗീകാരത്തോടെയായിരിക്കും നിയമനം.
മുഖ്യമന്ത്രിയുടെ താല്‍പര്യത്തില്‍ നിയമനം നടത്തി അധികാരമേറ്റ ലോകായുക്ത മുഖ്യമന്ത്രിയോട് ബാധ്യസ്ഥരാവുന്ന സാഹചര്യമുണ്ട്. മന്ത്രിസഭാംഗങ്ങള്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ലോകായുക്തയില്‍ സമര്‍പ്പിച്ചാല്‍ പ്രത്യേകിച്ച് ഒരു ഫലവുമുണ്ടാകുന്നില്ല.
2017 ഡിസംബറില്‍ ലോകായുക്തയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ ഒരു പരാതി ഞാന്‍ സമര്‍പ്പിച്ചു. ഈ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത് കേരള നിയമസഭയിലാണ്. അന്ന്  മുഖ്യമന്ത്രി സഭയില്‍ പ്രസ്താവിച്ചത്, ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവും ആണെന്നായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തലിലെ തെളിവ് ആവശ്യപ്പെട്ട് വിവരാവകാശ നിയമം അനുസരിച്ച് ഞാനൊരു അപേക്ഷ സമര്‍പ്പിച്ചു. അപ്പോള്‍ മനസ്സിലായത് തോമസ് ചാണ്ടിയെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രിയുടെ പക്കല്‍ തെളിവുകളില്ലെന്നാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര ദുരുപയോഗം ആരോപിച്ച് ഞാന്‍ ലോകായുക്തയില്‍ പരാതി  സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച ലോകായുക്ത പക്ഷേ, ഈ പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. ഞാന്‍ തയ്യാറായില്ല. ഈ കേസില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കാതെ പരാതി തള്ളി.
തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച ആലപ്പുഴ ജില്ലാ കലക്ടര്‍ ശരിവയ്ക്കുകയാണ് ചെയ്തത്. തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തെളിവുകള്‍ യാതൊന്നും ശേഖരിക്കാതെ ബോധപൂര്‍വം തോമസ് ചാണ്ടിയെ സഹായിക്കാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിപദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണ് ലോകായുക്ത വിചാരണയില്ലാതെ തള്ളിയത്. ലോകായുക്ത നിയമനത്തില്‍ സുതാര്യതയില്ല എന്നാണതിനര്‍ഥം.
ഈ നിയമനരീതിക്ക് മാറ്റം വേണം. ലോകായുക്ത നിയമനത്തിന് പൊതു വിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിക്കണം. വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കുന്നതുപോലെ, അപേക്ഷകരില്‍ നിന്നു നിയമപരമായി യോഗ്യതയും മികവുമുള്ളവരെ കക്ഷിരാഷ്ട്രീയ പരിഗണന കൂടാതെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ഉചിതം.  ഒന്നിന് മൂന്ന് എന്ന അനുപാതത്തില്‍ പാനല്‍ തയ്യാറാക്കി പരസ്യപ്പെടുത്തുക. ഈ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളവരെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ അവസരം നല്‍കുക. ഈവിധം ജനപങ്കാളിത്തത്തോടെയുള്ള നിയമനം അഴിമതി തടയാന്‍ ശക്തി പകരും.

RELATED STORIES

Share it
Top